ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ പിടികൂടി
Mail This Article
വാളയാർ ∙ ജനവാസ മേഖലയിൽ രാത്രി മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന 2 പേർക്കെതിരെയും ഇവരെ സഹായിച്ച ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തു. പട്ടാമ്പിയിലെ സ്വകാര്യ കമ്പനി ഉടമ പട്ടാമ്പി സ്വദേശി മുഹമ്മദ് അനസ് (27), ഡ്രൈവർ മുനീർ (25) എന്നിവർക്കെതിരെയും കൊഴിഞ്ഞാമ്പാറ സ്വദേശിക്കെതിരെയുമാണ് വാളയാർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കഞ്ചിക്കോട് കൊട്ടാമുട്ടി കടുംകംപള്ളത്ത് 2 പിക്കപ് വാനിലെത്തിച്ച മാലിന്യം തള്ളാൻ ശ്രമിക്കുമ്പോളാണ് നാട്ടുകാർ വളഞ്ഞിട്ടു പിടികൂടിയത്.
പട്ടാമ്പിയിലെ കമ്പനിയിൽ നിന്നുള്ള പ്ലാസ്റ്റ്–തെർമോകോൾ മാലിന്യമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ കൊട്ടാമുട്ടിയിലും കടുകംപള്ളം മേഖലയിലുമെത്തിച്ച് കത്തിക്കുന്നത് പതിവായിരുന്നു. കിൻഫ്ര വ്യവസായ ഇടനാഴിക്കായി ഏറ്റെടുത്ത ഭൂമിയിൽ ഉൾപ്പെടെ ഇത്തരത്തിൽ വലിയ രീതിയിൽ മാലിന്യക്കൂമ്പാരം തള്ളി കത്തിച്ചിട്ടുണ്ട്. രാത്രി മാലിന്യത്തിൽ നിന്നുള്ള പുക ശ്വസിച്ച് ഒട്ടേറെപ്പേർക്ക് ശ്വാസ തടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ രാത്രി കാവലിരുന്നു വാഹനം പിടികൂടാൻ തീരുമാനിച്ചത്.
പഞ്ചായത്ത് അംഗം പി.ബി.ഗിരീഷിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞിട്ടതോടെ വാഹനത്തിലുണ്ടായവരും നാട്ടുകാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് തർക്കം പരിഹരിച്ചു വാഹനം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 3 മാസത്തിലേറെയായി ഇവർ ഇവിടെ മാലിന്യം എത്തിച്ച് കത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. ചില പ്രദേശവാസികളായ രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെയാണ് ഇവർ മാലിന്യമെത്തിച്ചു ഇവിടെ കത്തിച്ചിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.