റെയിൽവേ മേൽപാലം അടച്ചിട്ടു മാസങ്ങൾ; കൂനൻമൊക്കിൽ ജനം ദുരിതത്തിൽ
Mail This Article
ഷൊർണൂർ ∙ ഒട്ടേറെ യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന കൂനൻമൊക്കിലെ റെയിൽവേ മേൽപാലം അടച്ചതോടെ ജനം ദുരിതത്തിലായി. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മാസങ്ങൾക്കു മുൻപാണു മേൽപാലം അടച്ചത്. ഗണേശഗിരി കോളനി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടമുക അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന പാലമാണിത്. എഴുപതിലധികം വീടുകളാണു ഗണേശഗിരി കോളനിയിലുള്ളത്. പാലം വഴിയുള്ള യാത്ര ഇല്ലാതായതോടെ യാത്രക്കാർ നിലവിൽ റെയിൽവേ ട്രാക്ക് മറികടന്നാണു മറുവശത്തെത്തുന്നത്. വിദ്യാർഥികളടക്കം സ്കൂളിലേക്കു പത്തിലധികം ട്രാക്കുകൾ മറികടന്ന് വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. പലരും ട്രെയിൻ വരുന്നതു നോക്കാതെയാണു ട്രാക്ക് മറികടക്കുന്നത്. 200 മീറ്റർ നടന്നു പോകേണ്ട ദൂരത്തിന് ഇപ്പോൾ ബസ് മാർഗം 3 കിമീ അധികദൂരം യാത്ര ചെയ്യേണ്ടതായിട്ടുണ്ട്.
മുണ്ടമുക പോലുള്ള പ്രദേശത്തിന്റെ ഒരു ഭാഗത്ത് ബസ് റൂട്ട് ഇല്ലാത്തതും ആളുകളെ ബുദ്ധിമുട്ടിലാക്കി. റെയിൽവേ ട്രാക്ക് മറികടന്ന് ഓട്ടോറിക്ഷ പിടിച്ച് യാത്ര ചെയ്യുന്നവരും ഉണ്ട്. നൂറുകണക്കിനു വിദ്യാർഥികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയ റെയിൽവേ മേൽപാലം എത്രയും വേഗം യാത്രായോഗ്യമാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നുണ്ടെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാലങ്ങൾ നവീകരണത്തിന്റെ പേരിൽ മാസങ്ങളോളം അടച്ചിടുന്നത് ഏറെ പ്രയാസമാണ്. ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിലും യാത്രക്കാർക്കുള്ള മേൽപാലം അടച്ചിട്ടു മാസങ്ങൾ പിന്നിടുന്നു.