നാക് ഗ്രേഡിങ്ങിൽ എ പ്ലസ് അംഗീകാരം; അഭിമാന നേട്ടവുമായി ചിറ്റൂർ ഗവ. കോളജ്
Mail This Article
ചിറ്റൂർ ∙ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) ഗ്രേഡിങ്ങിൽ എ പ്ലസ് എന്ന അഭിമാന നേട്ടവുമായി ചിറ്റൂർ ഗവ. കോളജ്. ഈ അപൂർവ നേട്ടം കൈവരിക്കുന്ന കേരളത്തിലെ മൂന്നാമത്തെ കോളജാണിത്. 3.41 പോയിന്റോടെയാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ അറുപതിലധികം സർക്കാർ കോളജുകളിൽ ഏഴ് കോളജുകളെ പാരമ്പര്യം കൊണ്ടും പഠന മികവുകൊണ്ടും സ്പെഷൽ ഗ്രേഡ് കോളജുകളായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഒന്നാണ് ചിറ്റൂർ ഗവ. കോളജ്. അതിൽ തന്നെ നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചവ അപൂർവമാണെന്നതും ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
അഞ്ചുവർഷത്തിൽ ഒരിക്കലാണ് നാക് സംഘം കോളജുകൾ സന്ദർശിക്കുന്നത്. 2017 ൽ ‘എ’ ഗ്രേഡ് നേടിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ 2 വർഷം വൈകി കോളജിലെത്തിയ നാക് സംഘം കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് മികവ്, ഗവേഷണം, സാമൂഹിക പ്രവർത്തനം, കലാ–കായിക രംഗത്തെ മികവ് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് എ പ്ലസ് എന്ന അംഗീകാരം നൽകിയത്.
പാഠ്യ–പാഠ്യേതര പ്രവർത്തന മികവുകൾ
കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ മികവിന്റെ മുഖമുദ്രയായി ശോകനാശിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സർക്കാർ കലാലയമാണിത്. പ്രകൃതിരമണീയമായ അൻപതോളം ഏക്കർ സ്ഥലത്ത് കളിക്കളവും നീന്തൽക്കുളവും കന്റീനും അടക്കമുള്ള സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കോളജിൽ നിലവിൽ 15 ബിരുദ കോഴ്‌സുകളും 7 ബിരുദാനന്തരബിരുദ കോഴ്‌സുകളുമുണ്ട്. ഇതോടൊപ്പം ഗണിതം, ഭൂമിശാസ്ത്രം, ഇക്കണോമിക്സ്, സംഗീതം, തമിഴ് എന്നീ വകുപ്പുകൾ ഗവേഷണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്നു. നിലവിലെ സർക്കാർ കോളജുകളിൽ ഏറ്റവും മികച്ചവയാണ് ഇവിടുത്തെ ശാസ്ത്ര ലാബ് സൗകര്യങ്ങൾ. പൂർണമായും കംപ്യൂട്ടറൈസ്ഡ് ആയി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 1.035 ലക്ഷം പുസ്തകങ്ങളും ഇരുപതോളം ആനുകാലികങ്ങളും അനേകം ഇ–ജേർണലുകളും ലഭ്യമാണ്.
കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഒരു ബ്രെയിൽ പ്രിന്ററുമുണ്ട്. വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനും മാനസികാരോഗ്യം ഉറപ്പാക്കാനും കൗൺസലിങ് സെൽ കോളജിൽ കാര്യക്ഷമമാണ്. നാഷനൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്കും ഏവരുടെയും പ്രശംസ നേടിയിട്ടുള്ള കലാലയമാണിത്. മികച്ച എൻഎസ്എസ് യൂണിറ്റിനും മികച്ച എൻഎസ്എസ് പ്രവർത്തകനുമുള്ള സംസ്ഥാന സർക്കാരിന്റെയും കാലിക്കറ്റ് സർവകലാശാലയുടെയും അവാർഡുകൾ കോളജിനു ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡുകളിലെ പങ്കാളിത്തമടക്കം എൻസിസി പ്രവർത്തനവും മികവോടെ മുന്നോട്ടുകൊണ്ടുപോകുന്നു.
തിരഞ്ഞെടുക്കപ്പെട്ട, വീടില്ലാത്ത വിദ്യാർഥികൾക്കായി ഏഴ് വീടുകൾ പണിതു നൽകിക്കൊണ്ട് സാമൂഹിക സേവനത്തിലും കോളജിന്റെ സാന്നിധ്യം ഉറപ്പിച്ചു. കോളജിലെ എൽജിബിടിക്യു വിദ്യാർഥി സമൂഹത്തിനു വേണ്ടി ആരംഭിച്ച റെയിൻബോ ക്ലബ് കാഴ്ചപ്പാടുകൊണ്ടും സമീപനം കൊണ്ടും ശ്രദ്ധേയമാണ്. കേരളത്തിൽ ആദ്യമായി ദേശീയ പുരസ്‌കാരം നേടുന്ന ക്ലബ്ബും ഇതാണ്. കേരളത്തിൽ ബെസ്റ്റ് ഗ്രീൻ ക്യാംപസ് അവാർഡ് നേടുന്ന ആദ്യത്തെ കോളജും ഇതുതന്നെ. കൂടുതൽ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിലേക്കു നയിക്കാനും കേന്ദ്ര ഫണ്ടുകൾ ഉൾപ്പെടെ നേടിയെടുത്ത് കോളജിൽ കൂടുതൽ വികസനം സാധ്യക്കാനും ഈ നേട്ടം സഹായിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടി.റെജി, നാക് കോഓർഡിനേറ്റർ എം.ബി.ലക്ഷ്മണൻ, പിടിഎ സെക്രട്ടറി ഡോ. മനു ചക്രവർത്തി, അലമ്നൈ അസോസിയേഷൻ സെക്രട്ടറി രവീന്ദ്രനാഥ മേനോൻ, എൻ.എസ്.ബ്രിജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.