നിക്ഷേപത്തട്ടിപ്പ് കേസ്: ഉടമയും ബന്ധുക്കളും റിമാൻഡിൽ
Mail This Article
മണ്ണാർക്കാട്∙ മണ്ണാർക്കാട് സിവിആർ ആശുപത്രി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ഉടമയും ബന്ധുക്കളും റിമാൻഡിൽ. ആശുപത്രി ചെയർമാനും ഒന്നാം പ്രതിയുമായ സി.വി.റിഷാദ്, ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ സെഷൻസ് കോടതിയാണ് പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി. പിതാവ് അലി, റിഷാദിന്റെ ഭാര്യ ഷഹാന എന്നിവരെയാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അമിതലാഭവും സൗജന്യ ചികിത്സാ സൗകര്യവും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നിക്ഷേപം വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ബഡ്സ് ആക്ട് അനുസരിച്ച് എടുത്ത മൂന്നു കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബഡ്സ് ആക്ട് അനുസരിച്ച് മാത്രം ഇരുപത് കേസുകൾ നിലവിലുണ്ട്.
വാറന്റായ 12 ചെക്ക് കേസുകളിൽ ജാമ്യം നേടാൻ ചൊവ്വാഴ്ച മണ്ണാർക്കാട് കോടതിയിൽ എത്തിയ റിഷാദിനെയും ബന്ധുക്കളെയും കോടതിയിൽ നിന്നു മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൗജന്യ ചികിത്സാ സൗകര്യം, പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, ആശുപത്രിയിൽ ജോലി തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയാണ് പണം വാങ്ങിയതെന്നു നിക്ഷേപകർ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് വർഷത്തിനു ശേഷം ലാഭത്തിന്റെ 40ശതമാനം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ മുന്നിൽ നിർത്തി വിശ്വസിപ്പിച്ചാണ് പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ചതെന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും തികച്ചും സാധാരണക്കാരാണ്.
പത്ത് ലക്ഷം രൂപ വരെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന വാഗ്ദാനമാണ് നിക്ഷേപകരെ വീഴ്ത്തിയത്. മറ്റു നിക്ഷേപത്തട്ടിപ്പുകളിൽ നിന്നു വ്യത്യസ്തമായി പണം ഇരട്ടിപ്പിക്കൽ മുന്നിൽ കണ്ട് ചേർന്നവരല്ല. ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവർ, അധ്യാപകർ, വിദേശത്തു നിന്നു തിരച്ചെത്തിയവർ, ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ കബളിപ്പിക്കപ്പെട്ടവരിലുണ്ട്. പലരും പുറത്തു പറയുന്നില്ല. കോടികൾ പിരിച്ചെടുത്ത ആശുപത്രിയിൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളിൽ വേണ്ട സൗകര്യമോ ഉപകരണമോ ഇല്ലെന്ന് പിന്നീട് കണ്ടെത്തി. ആശുപത്രിയുടെ പ്രവർത്തനം മാസങ്ങളായി നിർത്തിയിട്ട്. ആശുപത്രി പൂട്ടിയതോടെയാണ് നിക്ഷേപകർ പരാതിയുമായി എത്തിത്തുടങ്ങിയത്. നിക്ഷേപകർ പൊലീസിൽ പരാതി നൽകിയതോടെ ഉടമകൾ ഒളിവിൽ പോയിരുന്നു.