ഇന്റർനെറ്റ് കഫേ ‘കയ്യേറിയ’ നായയെ പുറത്താക്കിയത് അഗ്നിരക്ഷാസേന !
Mail This Article
ഒറ്റപ്പാലം ∙ നഗരത്തിലെ സ്ഥാപനത്തിനുള്ളിൽ കയറി അനങ്ങാപ്പാറ നയം പുറത്തെടുത്ത തെരുവുനായയെ പുറത്തെത്തിക്കാൻ അഗ്നിരക്ഷാ സേനയുടെ സഹായം. സ്ഥാപനം ഉടമയും നാട്ടുകാരുമെല്ലാം നിസ്സഹായ അവസ്ഥയിലായതോടെയാണു ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയത്. ന്യൂബസാറിലെ ഇന്റർനെറ്റ് കഫേയിൽ രാവിലെ പത്തോടെയാണു സംഭവം. ഉടമ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശി ഷുഹൈബ് ഇന്നലെ സ്ഥാപനം തുറന്നതിനു പിന്നാലെയാണു നായ അകത്തു കയറിക്കൂടിയത്. അവശനിലയിലായിരുന്നു നായയെങ്കിലും അക്രമ സ്വഭാവം പുറത്തെടുത്തതിനാൽ ആർക്കും അടുക്കാനായില്ല. ദൂരെ നിന്നു തുരത്താൻ പലരും ശ്രമിച്ചെങ്കിലും നായ അനങ്ങിയില്ല. അടുക്കുമ്പോഴെല്ലാം പ്രകോപിതനായി. തുടർന്നു നഗരത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ഇടപെട്ടാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
പതിനൊന്നരയോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നായയെ വലയിലാക്കി ഒറ്റപ്പാലത്തെ മൃഗാശുപത്രിയിലേക്കു മാറ്റി. ദിവസങ്ങളായി ന്യൂബസാർ ഭാഗത്ത് അലഞ്ഞുതിരിയുന്ന നായ കഴിഞ്ഞ ദിവസം സമീപത്തെ മറ്റൊരു സ്ഥാപനത്തിലും സമാനമായ രീതിയിൽ കയറിക്കൂടിയിരുന്നു. ഉടമയും വ്യാപാരികളും ചേർന്നാണ് അന്നു നായയെ തുരത്തിയത്. ഇന്നലെ കുറച്ചുകൂടി അവശനിലയിലായിരുന്ന നായ പുറത്തുചാടാൻ തയാറാകാതിരുന്നതാണ് ഉടമയെയും സമീപത്തെ വ്യാപാരികളെയും വലച്ചത്. നായ കയറാൻ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ ഷുഹൈബ് കടയുടെ മുൻവശത്തെ വാതിൽ അടച്ചു വയ്ക്കുകയായിരുന്നു പതിവ്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കുന്ന ഘട്ടത്തിൽ നായ കടയിൽ കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല.