അട്ടപ്പാടിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; പുലിയറ കുടിയേറ്റ ഗ്രാമം ഒറ്റപ്പെട്ടു, 80 വീടുകളിലെ ഇരുനൂറിലേറെ പേർ ദുരിതത്തിൽ
Mail This Article
അഗളി ∙ അട്ടപ്പാടിയിൽ കനത്ത മഴയിൽ വ്യാപകമായി മണ്ണിടിച്ചിൽ. വീടുകളും കൃഷിയും നശിച്ചു. പുലിയറ കുടിയേറ്റ ഗ്രാമം ഒറ്റപ്പെട്ടു. 80 വീടുകളിലെ ഇരുനൂറിലേറെ പേർ ദുരിതത്തിൽ. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കൂറോളം തുടർച്ചയായി ചെയ്ത കനത്ത മഴ ചിറ്റൂർ, കുറവൻപാടി, പുലിയറ, തുമ്പപ്പാറ, കുറുക്കൻകുണ്ട് വരെയുള്ള പ്രദേശങ്ങളിൽ നാശമുണ്ടാക്കി. ചിറ്റൂരിനും പുലിയറക്കും ഇടയിലും കുറക്കൻകുണ്ട് പ്രദേശത്തും നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. അഗളി പഞ്ചായത്തിലെ വാർഡ്13, ഷോളയൂരിലെ വാർഡ് പത്തിലുമുള്ള പുലിയറ,കുറവമ്പാടി പ്രദേശങ്ങളിലാണ് നാശം കൂടുതൽ.
പുലിയറ റോഡിൽ നാലിടത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു. പുലിയറ അങ്കണവാടിക്കു സമീപം താമസിക്കുന്ന പരപ്പരക്കുന്നേൽ ജോണിക്ക് (58) തകരഷീറ്റ് വീണ് കാൽ മുട്ടിൽ ആഴത്തിൽ മുറിവ് പറ്റി. ഇയാളെ 3 കിലോമീറ്ററോളം ചുമന്നും ആംബുലൻസിലുമായി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. അഗളി പഞ്ചായത്തിലെ 16 പേരടങ്ങിയ നാലു കുടുംബങ്ങളെ കുറവൻപാടി ഇൻഫന്റ് ജീസസ് പള്ളി പാരിഷ് ഹാളിലെ ക്യാംപിലേക്ക് മാറ്റി. 7 വൈദ്യുത പോസ്റ്റുകൾ പൂർണമായും ഒടിഞ്ഞു വീണതോടെ പ്രദേശത്ത് വൈദ്യുതി ബന്ധമറ്റു.
റോഡിലുള്ള ഓവു പാലത്തിന്റെ പകുതി ഇടിഞ്ഞ അവസ്ഥയിലാണ്. അഗളിയിലേക്കുള്ള ശുദ്ധജല വിതരണ കുഴൽ മണ്ണിടിച്ചിലിൽ തകർന്നതോടെ ജലവിതരണം നിലച്ചു. 3 മണ്ണ് മാന്തി യന്ത്രങ്ങൾ ഇന്നലെ പകൽ പൂർണമായി പ്രവർത്തിച്ചെങ്കിലും റോഡ് തുറക്കാനായിട്ടില്ല. റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പുലിയറ പ്രദേശം പൂർവ സ്ഥിതിയിലെത്താൻ ദിവസങ്ങളെടുത്തേക്കും.
ചികിത്സ വേണ്ടവർ ഏറെ; ആശങ്ക
അഗളി ∙ മഴയിൽ മണ്ണിടിച്ചിലുണ്ടായി ഒറ്റപ്പെട്ട പുലിയറ പ്രദേശത്ത് ഒട്ടേറെ രോഗികളുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 7 പ്രമേഹ രോഗികളും 3 ഹൃദ്രോഗികളും കാൻസർ, പാലിയേറ്റീവ് രോഗികളും ഡയാലിസിസ് ആവശ്യമായ രോഗിയുമുണ്ട്. ഗതാഗതവും വൈദ്യുതിയും ഇല്ലാത്ത സാഹചര്യത്തിൽ ഇവരുടെ ആരോഗ്യ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്ന് അഗളി ഹെൽത്ത് സൂപ്പർവൈസർ ടോംസ് വർഗീസ് പറഞ്ഞു.
ക്യാംപിൽ താമസിക്കുന്നവരിൽ 2 സ്ത്രീകൾ പ്രമേഹ രോഗികളാണ്. 2 പേർക്ക് രക്ത സമ്മർദമുണ്ട്. 2 പേർ പനി ബാധിതരാണ്. ഡോ. വികാസിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തി ക്യാംപിൽ മരുന്ന് നൽകി. കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ക്യാംപ് തുറക്കാൻ അട്ടപ്പാടി ക്യാംപ് സെന്ററിൽ സൗകര്യം ഏർപ്പെടുത്താമെന്ന് വി.എം.ലത്തീഫ് സന്നദ്ധത അറിയിച്ചു.