ആഘോഷമായി ചാലിശ്ശേരി അടയ്ക്കാ മാർക്കറ്റിൽ മുഹൂർത്തക്കച്ചവടം; നടന്നത് 160 ടൺ അടയ്ക്കയുടെ വ്യാപാരം
Mail This Article
കൂറ്റനാട് ∙ സംസ്ഥാനത്തെ പ്രധാന അടയ്ക്കാ വിപണന കേന്ദ്രമായ ചാലിശ്ശേരി പഴയ അടയ്ക്കാ മാർക്കറ്റിൽ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ദീപാവലി മുഹൂർത്തക്കച്ചവടം ആഘോഷമായി. 160 ടൺ അടയ്ക്കാ വ്യാപാരം നടന്നു. വിവിധ ജില്ലകളിൽനിന്നായി കർഷകരും വ്യാപാരികളും 2500 ചാക്കിലധികം അടയ്ക്കയാണ് എത്തിച്ചത്.കർഷകർക്ക് എ വൺ ഗ്രേഡ് അടയ്ക്കയ്ക്കു കിലോഗ്രാമിന് 405 രൂപ വരെ ലഭിച്ചു. കോക്ക തരത്തിന് 175 രൂപ, പട്ടോർ തരത്തിന് 330 രൂപ എന്നിങ്ങനെയും ലഭിച്ചു.ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെ വ്യാപാരികളാണ് എത്തിയത്. ചുമട്ടുതൊഴിലാളികൾക്കും നേട്ടമായി. മറ്റു രാജ്യങ്ങളിൽ നിന്നു വൻതോതിൽ അടയ്ക്ക ഇറക്കുമതി തുടങ്ങിയതോടെ കഴിഞ്ഞ ഒരു വർഷമായി അടയ്ക്കവില കുത്തനെ ഇടിഞ്ഞിരുന്നു.
കഴിഞ്ഞവർഷം ദീപാവലിക്കു കർഷകർക്ക് ഒരു കിലോ അടയ്ക്കയ്ക്ക് 500 രൂപ വരെ വില ലഭിച്ചിരുന്നു. മാർക്കറ്റിൽ 228 ടൺ അടയ്ക്ക എത്തിയിരുന്നു. 1953ൽ ചാലിശ്ശേരിയിൽ ആരംഭിച്ച പഴയ അടയ്ക്കാ കേന്ദ്രത്തിൽ കഴിഞ്ഞവർഷമാണു ദീപാവലി മുഹൂർത്തക്കച്ചവടം തുടങ്ങിയത്. ഇത്തവണ ഷിജോയ് തോലത്ത്, ബഷീർ മണാട്ടിൽ, സാലിഹ് കാണക്കോട്ടിൽ, ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി. ഉത്തരേന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ദീപാവലി ദിവസമാണ് ആരംഭിക്കുന്നത്.