4 വയസ്സുകാരന്റെ ചികിത്സയ്ക്ക് വേണ്ടത് 24 കോടി; ഉദയധീരന് ജീവിതത്തിലേക്കു നടക്കണം
Mail This Article
പാലക്കാട് ∙ അപൂർവ രോഗത്തിന്റെ പിടിയിലായ നാലു വയസ്സുകാരനെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ ഒരു നാട് നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ചേർന്നു നമുക്കും ഒരു നന്മയുടെ ഭാഗമാകാം. ഓടിക്കളിക്കേണ്ട പ്രായത്തിൽ ഡുഷൈൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) രോഗം ബാധിച്ച ഉദയധീരനാണു ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചു നടക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. പേശി കോശങ്ങളെ കേടു കൂടാതെ നിലനിർത്തുന്ന ഡിസ്ട്രോഫിൻ പ്രോട്ടീന്റെ വ്യതിയാനം മൂലം പേശികൾ ബലഹീനമാകുന്ന അവസ്ഥയാണിത്. ഇത് ഒരു ജനിതക രോഗമാണ്.
പേശി ബലഹീനത, എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ട്, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥയായ സ്കോളിയോസിസ് എന്നിവയാണു ലക്ഷണങ്ങൾ. എത്രയും വേഗം ചികിത്സ നടത്തിയാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയും. എന്നാൽ ചികിത്സയ്ക്കായി വേണ്ടി വരുന്ന 24 കോടി രൂപ ക്ഷീരകർഷകനായ പിതാവ് വിജയ്ക്കും ഭാര്യ രമ്യയ്ക്കും താങ്ങാവുന്നതിനും അപ്പുറമാണ്.
നിലവിൽ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലുള്ള ഉദയധീരന്റെ തുടർ ചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്കു കൊണ്ടുപോകണം. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ചികിത്സ നടത്താൻ കഴിയാത്ത കുടുംബത്തിനു കൈത്താങ്ങാകാൻ നാടു മുഴുവൻ കൈകോർത്തു ധന സമാഹരണത്തിനായി ചികിത്സാ നിധി കമ്മിറ്റി രൂപീകരിച്ചതായി കെ.ബാബു എംഎൽഎ, മുതലമട പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി, ഉപാധ്യക്ഷൻ എം.താജുദ്ദീൻ, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.സി.ആർ.അരുൺരാജ്, പി.മാധവൻ എന്നിവർ അറിയിച്ചു.
ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ: 10860100208128.
മുതലമട ബ്രാഞ്ച് ഐഎഫ്‌എസ്‌സി : FDRL0001086
യുപിഐ– vijay1@fbl, 8891767327.
സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നമ്പർ: 0100053000014996
മുതലമട ബ്രാഞ്ച് ഐഎഫ്‌എസ്‌സി : SIBL0000100.
യുപിഐ– qr.dheeran@sib, 9745067327