ശ്രീശങ്കറിന്റെ പരിശീലനം: പിന്തുണ അറിയിച്ച് പി.ടി. ഉഷ
Mail This Article
പാലക്കാട് ∙ ദീപാവലി മധുരമായിരുന്നു ഇന്നലെ ഒളിംപ്യൻ എം.ശ്രീശങ്കറിന്റെ വീട്ടിൽ. വിവിധ മധുര പലഹാരങ്ങൾ നിരന്നപ്പോൾ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും എംപിയുമായ പി.ടി. ഉഷ ശ്രീശങ്കറിന്റെ വിജയത്തിനും പരിശീലനത്തിനും പൂർണ പിന്തുണയും അനുഗ്രഹവും ആശംസിച്ചു.അതാണ് ഏറ്റവും വലിയ ദീപാവലി മധുരമെന്നു ശങ്കുവിന്റെ അഭാവത്തിൽ, കായിക താരങ്ങളും രക്ഷിതാക്കളുമായ എം.മുരളി, കെ.എസ്.ബിജിമോൾ എന്നിവർ പറഞ്ഞു.ഇന്നലെ വൈകിട്ടോടെയാണ് പി.ടി. ഉഷ ശ്രീശങ്കറിന്റെ വീട്ടിലെത്തിയത്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു. ഒളിംപിക്സിനു മുൻപു കാലിനേറ്റ പരുക്കുമായി ഖത്തറിലാണിപ്പോൾ ശ്രീശങ്കർ.
പരുക്കു ഭേദമായി പരിശീലനം ആരംഭിച്ചെന്നു വിഡിയോ കോളിലൂടെ ശ്രീശങ്കർ പി.ടി. ഉഷയോടു പറഞ്ഞു. എത്രയും വേഗം പരുക്കുകളിൽ നിന്നു മുക്തമാകുമെന്നും തിരക്കു പിടിച്ചുള്ള പരിശീലനം വേണ്ടെന്നും നല്ല അവസരം വരുമെന്നും പി.ടി.ഉഷ മറുപടി നൽകി.അടുത്ത വർഷം ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പാണു ശങ്കുവിന്റെ മുന്നിലുള്ളത്. ഏപ്രിൽ, മേയ് മാസത്തോടെ പരിശീലനം പൂർണതയിലെത്തും. തുടർന്നു യോഗ്യത ഉറപ്പാക്കുകയാണു പ്രഥമ ലക്ഷ്യമെന്ന് എം.മുരളിയും കെ.എസ്.ബിജിമോളും പറഞ്ഞു.മേഴ്സി കോളജിലെയും പാലക്കാട് റെയിൽവേയിലെയും അനുഭവങ്ങൾ പി.ടി. ഉഷ പങ്കുവച്ചു. തന്റെ എംപി ഫണ്ടിൽ നിന്നു കൂടുതൽ തുക പാലക്കാടിനായി ചെലവഴിച്ചെന്നും പറഞ്ഞു.