മീങ്കര, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നു
Mail This Article
മുതലമട ∙ മീങ്കര അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. രണ്ടു ഷട്ടറുകളും ഒരു സെന്റിമീറ്റർ വീതമാണു തുറന്നത്. ഗോവിന്ദാപുരം പുഴയുൾപ്പെടെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നു ചുള്ളിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പു ക്രമീകരിക്കുന്നതിന്റെ ഭാഗമായാണു സ്പിൽവേ ഷട്ടറുകൾ തുറന്നതെന്നു ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. മീങ്കര അണക്കെട്ടിലെ ഷട്ടറുകൾ തുറന്നാൽ ഗായത്രിപ്പുഴയിലേക്കാണു വെള്ളം ഒഴുകുക. 39 അടി സംഭരണശേഷിയുള്ള മീങ്കര അണക്കെട്ടിൽ ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ചു 38.6 അടി വെള്ളമുണ്ട്. ജലസേചന പദ്ധതി കൂടാതെ ശുദ്ധജല വിതരണ പദ്ധതി കൂടിയുള്ള അണക്കെട്ടായ മീങ്കര പൂർണ സംഭരണശേഷിയിലെത്തുന്നതു പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.
നെന്മാറ∙ മഴ ശക്തമായതോടെ പോത്തുണ്ടി ഡാം വെള്ളം പുഴയിലേക്കു തുറന്നുവിട്ടു.ഡാമിലെ ജലനിരപ്പ് സംഭരണശേഷിക്ക് അടുത്തുവരെ ഉയർന്നതോടെയാണു തുറന്നത്..55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 54.23 അടിയാണു ജലനിരപ്പ്.ഷട്ടറുകൾ രണ്ടു സെന്റീമീറ്റർ ഉയർത്തിയാണു ഡാമിലേക്കെത്തുന്ന അധികജലം ക്രമീകരിക്കുന്നത്. മഴ കൂടുന്നതിനനുസരിച്ചു ഷട്ടറുകൾ കൂടുതൽ ഉയർത്തും.