യുഡിഎഫ് പാലക്കാട്ട് ഇറക്കിയത് വ്യാജനെ: സി.കൃഷ്ണകുമാർ
Mail This Article
പാലക്കാട്∙ പാലക്കാടിനെ വിലയ്ക്ക് എടുക്കാൻ കോടികളുമായി എത്തിയ വ്യാജനെയാണു യുഡിഎഫ് മത്സരിപ്പിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ അംഗങ്ങളെ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചയാളാണ് ഇപ്പോൾ കോടികളുമായി പാലക്കാട്ടേക്കു വന്നിരിക്കുന്നത്. നേരത്തെ പാലക്കാട്ടുകാർ തിരഞ്ഞെടുത്ത വ്യക്തി ജനങ്ങളെ വഞ്ചിച്ച് വടകരയ്ക്കു പോയി. ഇപ്പോൾ ഒരു വ്യാജനെ ഇറക്കിയിരിക്കുന്നു. പാലക്കാടിനെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം വിലപ്പോവില്ലെന്നും സ്ഥാനാർഥി കൽപാത്തി, നൂറണി പ്രദേശങ്ങളുടെ വികസന ചർച്ചയിൽ പറഞ്ഞു.
കൽപാത്തി, നൂറണി പൈതൃക ഗ്രാമ സംരക്ഷണമുൾപ്പെടെ വിവിധ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പാലക്കാട് മാസ്റ്റർ പ്ലാൻ യാഥാർഥ്യമാക്കാൻ എൻഡിഎ ജയിക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമത്തിനു പരിഹാരമില്ല. എന്നാൽ നഗരസഭയിൽ ശുദ്ധജലക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവിൽ നിന്നാണ് പ്രഭാതപര്യടനം ആരംഭിച്ചത്. സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ശേഖരീപുരത്ത് നിന്നാണ് ആരംഭിച്ചത്. ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം സുന്ദരേശൻ, ജില്ലാ സെക്രട്ടറി സ്മിതേഷ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.