കാട്ടുപന്നി വിളയാട്ടം; പന്നികളിൽനിന്നു ഞാറ്റടി സംരക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്
Mail This Article
ചിറ്റിലഞ്ചേരി∙ ഞാറ്റടിക്കു ഭീഷണിയായി കാട്ടുപന്നികൾ; രണ്ടാം വിളയ്ക്കു ഞാറ്റടി പാകേണ്ട സമയമായാൽ വീടുകളിലെയും അടുത്ത വീടുകളിലെയും പഴകിയ സാരിയും തുണികളും തപ്പി നടക്കേണ്ട അവസ്ഥയിലാണ് കർഷകർ. ഞാർ പാകിയ ഉടൻ അതിനു ചുറ്റുമായി സാരിയും മറ്റും വലിച്ച് കെട്ടി പ്രദേശത്തേക്കു ഒരു ജീവിയും പ്രവേശിക്കാതിരിക്കാനുള്ള നടപടിസ്വീകരിക്കണം. ഇല്ലെങ്കിൽ ഞാറ്റടി മുളച്ചു തുടങ്ങുമ്പോൾ തന്നെ പന്നികൾ കൂട്ടമായി എത്തും. ഞാറ്റടിക്കായി വിതച്ച നെല്ല് തിന്നും ചേറിൽ കിടന്ന് ഉരുണ്ടും ഞാറ്റടി മുഴുവൻ നശിപ്പിക്കും.
മുൻ വർഷങ്ങളിൽ ഇത്തരത്തിൽ മൂന്നും നാലും തവണ വിത്ത് വിതച്ചിട്ടും ഞാർ ലഭിക്കാതെ മറ്റിടങ്ങളിൽ നിന്നു ഞാർ ശേഖരിക്കേണ്ട അവസ്ഥയിലായിരുന്നു പല കർഷകരും. വീഴുമലയിൽ നിന്നു വൈകുന്നേരത്തോടെ ഒട്ടേറെ പന്നികളാണ് കൂട്ടമായി നാട്ടിലേക്കിറങ്ങുന്നത്. പുലർച്ചെ വരെ ഇവ ഇവിടെ കിടന്ന് നാശനഷ്ടങ്ങൾ വരുത്തും. പന്നികൾ മലയിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വരുന്ന ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടി ഒട്ടേറെ പേർക്ക് വീണ് പരുക്കേറ്റിട്ടുമുണ്ട്.
ഞാറ്റടികൾ പന്നികളിൽ നിന്നു രക്ഷിച്ച് നടീൽ നടത്തിയാൽ തന്നെ വിളവെടുപ്പാകുന്ന സമയത്ത് പന്നികൾ വീണ്ടും പാടങ്ങളിലേക്കെത്തും. കൊയ്ത്തിനു പാകമായ നെൽച്ചെടികളിൽ നിന്ന് നെല്ല് തിന്നും ചുഴറ്റിയും നശിപ്പിക്കും. പന്നികളുടെ ശല്യം മൂലം കൃഷി നടത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് കർഷകരുടെ അഭിപ്രായം.