കൽപാത്തി സംഗീതോത്സത്തിന് സ്ഥിരം വേദി യാഥാർഥ്യമാക്കും: സി.കൃഷ്ണകുമാർ
Mail This Article
പാലക്കാട് ∙ കൽപാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാർഥ്യമാക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. കൽപാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പം പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ. കണ്ണാടി പഞ്ചായത്തിൽ നിന്നാണ് ഇന്നലെ സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. കൊടുവക്കോട്, ചാത്തൻകുളങ്ങര പറമ്പ്, കളരിക്കൽ, ചേലക്കാട്, തരുവകുറുശ്ശി മേഖലകളിൽ വീടുകയറി സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. ചേലക്കാട് മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. പാത്തിക്കൽ, കിണാശ്ശേരി, മമ്പറം മേഖലകളിലും പര്യടനം നടത്തി. കാർഷിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിച്ചുമായിരുന്നു മാത്തൂർ പഞ്ചായത്തിൽ സ്ഥാനാർഥിയുടെ റോഡ് ഷോ.
നെല്ലുസംഭരിക്കാത്തതിനെ തുടർന്ന് വിളവെടുത്ത നെല്ല് നശിച്ചു പോയ കാര്യം പറഞ്ഞാണ് സ്വീകരണ യോഗങ്ങളിൽ സ്ഥാനാർഥി പ്രസംഗം തുടങ്ങിയത്. ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളുമായാണ് റോഡ് ഷോ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിയത്. മാത്തൂർ പഞ്ചായത്തിലെ വെട്ടിക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. അമ്പാട്, പൊള്ളപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും മിൽ സ്റ്റോപ്പ്, മന്ദം, പല്ലഞ്ചാത്തന്നൂർ ഗ്രാമം, ചുങ്കമന്ദം തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണമൊരുക്കി. മന്ദംപുള്ളി, തെക്കുമുറി വഴി പൊതിമഠത്തിൽ സമാപിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നത്. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, മണ്ഡലം പ്രസിഡന്റ് കെ.വിജേഷ്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി എ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു.