ലൈഫ് മിഷൻ എന്നു വരും? വീടിന് കാത്ത് രേശി
Mail This Article
ഷോളയൂർ∙ ഗോഞ്ചിയൂരിലെ ആദിവാസി രേശിയുടെ പേര് ഷോളയൂർ പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിച്ചിട്ടു 4 വർഷത്തിലേറെയായി. ചോർന്നൊലിച്ചു തകർച്ചാഭീഷണിയിലായ വീട്ടീലാണു താമസം. വീട് വാസയോഗ്യമല്ലെന്നു പഞ്ചായത്ത് അധികൃതർക്കും ഐടിഡിപിക്കും ബോധ്യമുണ്ട്. ഇതുവരെ വീടു നൽകാൻ നടപടിയില്ല. 4 ദിവസം മുൻപു വീടിന്റെ ഒരു ഭാഗം അടർന്നു വീണു. ഊരിൽ നിന്ന് അൽപം ദൂരെ ആനയിറങ്ങുന്ന വഴിയിൽ കാട്ടരുവിയോടു ചേർന്നുള്ള കൃഷിയിടത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി മുളയും മരക്കമ്പും ഉപയോഗിച്ചു തീർത്ത താൽക്കാലിക ഷെഡിലാണ് ഇപ്പോൾ താമസം. മകനു കോഴിക്കോട് താൽക്കാലികമായി ചെറിയ ജോലിയുണ്ട്.
ഷെഡിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ ചെറിയ 2 കുട്ടികളുമൊത്തു മരുമകൾ സ്വന്തം ഊരിലേക്കു പോയി. ഫണ്ടില്ലാത്തതിനാലാണു ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ വൈകുന്നതെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. അറ്റകുറ്റപ്പണികൾക്കു മാത്രമേ പണം നൽകാനാവൂ എന്നാണ് ഐടിഡിപിയുടെ വാദം. ലൈഫ് മിഷൻ വരുന്നതിനു മുൻപ് ആദിവാസി വീടുകളുടെ ചുമതല പട്ടികവർഗ വകുപ്പിനായിരുന്നു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയതോടെ ആദിവാസികളുടെ വീട് നിർമാണം മന്ദഗതിയിലായെന്നു രേശിയെപ്പോലുള്ളവർ പറയുന്നു.