ADVERTISEMENT

പാലക്കാട് ∙ കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച ഹോട്ടൽ മുറിയിൽ പാതിരാത്രിയിൽ പരിശോധനയ്ക്കായി പൊലീസ് അതിക്രമിച്ചുകയറിയെന്നാരോപിച്ച് നാഷനൽ ജനതാദൾ സംഘടിപ്പിച്ച രാപകൽ സമരത്തിൽ പങ്കെടുത്താണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പ്രചാരണത്തിനു തുടക്കം കുറിച്ചത്. സിപിഎം ബിജെപി ബാന്ധവമാണ് പാതിരാ റെയ്ഡിലൂടെ പുറത്തുവന്നതെന്നും ഇതു ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. 

പിന്നീട് പിരായിരി മണ്ഡലത്തിലേക്കായിരുന്നു യാത്ര. പൊടിപ്പാറ റെയിൻബോ ഗാർഡനിൽ ഗൃഹസന്ദർശനം നടത്തിയാണ് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചത്. തുടർന്ന് കൽപാത്തി അഗ്രഹാരത്തിലേക്ക്. അഗ്രഹാരവീഥിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കൽപാത്തി രഥോത്സവത്തിന്റെ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് ക്ഷേത്ര ദർശനവും കഴിഞ്ഞ് ഏറെ സമയം കൽപാത്തിയിൽ ചെലവഴിച്ചു.

വൈകിട്ട് നാലോടെ പിരായിരി മണ്ഡലത്തിലൂടെ സ്ഥാനാർഥി പര്യടനം നടത്തി. മൈത്രി നഗറിൽ എത്തിയ രാഹുലിനെ വാദ്യഘോഷ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പര്യടനം ഉദ്ഘാടനം ചെയ്തു. പിന്നീട് അണ്ഡലംകാടായിരുന്നു സ്വീകരണ വേദി. മോഴിപുലം, തുമ്പളംകാട്, പാനപ്പറമ്പ്, നാവക്കോട്, അത്താലൂർ, പുളിയപ്പറമ്പ്, പൂടൂർ, പുതുകുളങ്ങര, വാരാമ്പള്ളം, മാമ്പറ, കാടൂർ, ചൈത്ര നഗർ, ലക്ഷംവീട്, കള്ളിക്കാട്, മേട്ടുപ്പാറ എന്നീ പ്രദേശങ്ങളിലൂടെ നടത്തിയ പര്യടനം ചാമക്കാട് സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com