കാർഷിക യന്ത്രങ്ങൾ പാടത്ത് എത്തിക്കാൻ പാലം പണിയണം
Mail This Article
ഒറ്റപ്പാലം ∙ ചുനങ്ങാട് പുളിഞ്ചോട് പാടശേഖരത്തിലേക്കു കാർഷിക ഉൽപന്നങ്ങളും യന്ത്രങ്ങളും സുഗമമായി എത്തിക്കാൻ കുന്നംപള്ളിയാലിലെ കൈത്തോടിനു കുറുകെ പാലം നിർമിക്കണമെന്ന് ആവശ്യം. പാലത്തിനായുള്ള കർഷകരുടെ കാത്തിരിപ്പിനു രണ്ടര പതിറ്റാണ്ടിന്റെ പഴക്കം. ട്രാക്ടറും കൊയ്ത്തു യന്ത്രവും പാടങ്ങളിലേക്ക് എത്തിക്കാനാണു പ്രതിസന്ധി. പാടശേഖരത്തോടു ചേർന്ന കുന്നംപള്ളിയാലിലെ കൈത്തോട് കുറുകെ കടക്കാൻ മാർഗമില്ല. 3 വിളകൾ വരെ ഇറക്കാറുള്ള പാടശേഖരങ്ങളിലേക്കു വിത്തും വളവും എത്തിക്കാനും പ്രയാസമാണ്. ഭാരമേറിയ ചാക്കുകൾ ചുമന്നു ദുഷ്കരമായ വഴിയിലൂടെ നടന്നുപോകുമ്പോൾ കർഷകരും തൊഴിലാളികളും അപകടത്തിൽപ്പെടുന്നതും പതിവ്.
വെള്ളം കുറഞ്ഞ സമയം നോക്കി ട്രാക്ടറും കൊയ്ത്ത് യന്ത്രവും സമീപത്തെ തോട്ടിലൂടെയാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കാറുള്ളത്. മയിലുംപുറം റോഡിലെ പാടശേഖരത്തിലൂടെ അൽപദൂരം വളഞ്ഞു സഞ്ചരിച്ചു കാർഷിക യന്ത്രങ്ങൾ ഇറക്കാമെങ്കിലും ആ ഭാഗത്തു കൃഷി ഇറക്കിയാൽ ഈ വഴിയും പ്രതിസന്ധിയിലാകും. പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പലതവണ പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല.
പുളിഞ്ചോട് പാടശേഖരത്തിലെ 40 ഏക്കർ സ്ഥലത്താണു കൃഷി ഇറക്കുന്നത്. ഇതിൽ 30 ഏക്കർ പാടവും കുന്നംപള്ളിയാൽ ഭാഗത്താണ്. ഇരുപത്തിയഞ്ചോളം കർഷകരുടെ ജീവിതോപാധിയാണു കൃഷി. കഴിഞ്ഞ നവകേരള സദസ്സിൽ പാലത്തിനായി കർഷകർ നിവേദനം നൽകിയതിനു പിന്നാലെ കൃഷി വകുപ്പ് അധികൃതർ സ്ഥലത്തു പരിശോധന നടത്തി റിപ്പോർട്ട് ജലസേചന വകുപ്പിനു കൈമാറിയെങ്കിലും നടപടിയില്ലെന്നാണു പരാതി.