പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിലനിർത്താൻ യാത്രക്കാരുടെ നിവേദനം
Mail This Article
ഒറ്റപ്പാലം∙ നിലനിൽപ് ആശങ്കയിലായി മാറിയ പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിലനിർത്താൻ നടപടി ആവശ്യപ്പെട്ടു യാത്രക്കാരുടെ കൂട്ടായ്മ റെയിൽവേയെ സമീപിച്ചു. പാലപ്പുറം, എറക്കോട്ടിരി, എസ്ആർകെ നഗർ പ്രദേശങ്ങളിലെ യാത്രക്കാരുടെ കൂട്ടായ്മയാണു പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർമാർക്കു നിവേദനം നൽകിയത്. ഹാൾട്ട് സ്റ്റേഷനിലെ ടിക്കറ്റ് വിൽപന ഏറ്റെടുത്തു നടത്താൻ ഏജന്റുമാരെ ലഭിക്കാത്തതു സ്റ്റേഷന്റെ നിലനിൽപിന് ആശങ്കയായി മാറിയ സാഹചര്യത്തിലാണു നാട്ടുകാരുടെ ഇടപെടൽ. പാലപ്പുറം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന 107 യാത്രക്കാർ ഒപ്പുവച്ചതാണു നിവേദനം.
വരുമാനക്കുറവു മൂലമാണു ടിക്കറ്റ് വിൽപന ഏറ്റെടുത്തു നടത്താൻ കരാറുകാരെ കിട്ടാത്തത്. കഴിഞ്ഞ 28ന് ആണു നേരത്തെയുണ്ടായിരുന്ന കരാറുകാരന്റെ കാലാവധി പൂർത്തിയായത്. ഇതിനു മുൻപേ പുതിയ കരാറുകാരെ കണ്ടെത്താൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. സ്റ്റേഷനെ ഒട്ടേറെ യാത്രക്കാർ ദിവസവും ആശ്രയിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നതും സീസൺ ടിക്കറ്റുകൾ സമീപത്തെ വലിയ സ്റ്റേഷനുകളിൽ നിന്നെടുക്കുന്നതുമാണു വരുമാനക്കുറവിനു വഴിയൊരുക്കുന്നതെന്നാണു വിലയിരുത്തൽ.
ഇതു മറികടക്കാൻ പരമാവധി ടിക്കറ്റുകൾ പാലപ്പുറത്തു നിന്നു തന്നെ നേരിട്ടെടുക്കണമെന്ന അഭ്യർഥന മുന്നോട്ടുവച്ചുള്ള പ്രചാരണ പരിപാടിയും കഴിഞ്ഞ ദിവസം യാത്രക്കാരുടെ കൂട്ടായ്മ തുടങ്ങിയിരുന്നു. നേരത്തെയുണ്ടായിരുന്ന കരാറുകാരന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ റെയിൽവേ താൽക്കാലിക ജീവനക്കാരനെ ഇവിടേക്കു നിയോഗിച്ചാണു നിലവിൽ സ്റ്റേഷന്റെ പ്രവർത്തനം. ഒരു വശത്തു ഉയരത്തിലുള്ള പ്ലാറ്റ്ഫോം ഇല്ലാത്തത് ഉൾപ്പെടെ പാലപ്പുറം സ്റ്റേഷൻ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കൂടി ഉൾപ്പെടുത്തിയുള്ള നിവേദനമാണു നഗരസഭാ കൗൺസിലർ കെ.സജീവ്കുമാർ, പുത്തൻവീട്ടിൽ ശശിധരൻ, ടി.ആർ.ചന്ദ്രൻ, കെ.മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയ്ക്കു സമർപ്പിച്ചിട്ടുള്ളത്. 85 വർഷം പഴക്കമുള്ള സ്റ്റേഷനാണിത്.