അഴിയാക്കുരുക്ക്: ഗതാഗതക്കുരുക്കിൽ വലഞ്ഞ് വടക്കഞ്ചേരി ടൗൺ
Mail This Article
വടക്കഞ്ചേരി∙ ടൗണിലെ ഗതാഗതക്കുരുക്കു തുടരുന്ന സാഹചര്യത്തിൽ 14നു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് പഞ്ചായത്ത്. വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 11നു പി.പി.സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വഴിയോരക്കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ നടപടിയുണ്ടാകും. വിവിധ വ്യാപാരി സംഘടനകളും രാഷ്ട്രീയകക്ഷി നേതാക്കളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും. ടൗണിൽ ഗതാഗതക്കുരുക്കു നിത്യമായതോടെ ശക്തമായ നടപടി പഞ്ചായത്തും പൊലീസും സ്വീകരിക്കുമെന്നാണു കരുതുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.എം.ജലീൽ പറഞ്ഞു.
വൻതുക വാടകയും പഞ്ചായത്തിലേക്കു ലൈസൻസ് ഫീസും നികുതിയും പഞ്ചായത്ത് നിശ്ചയിച്ച യൂസർ ഫീയും നൽകി കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്കുകുത്തികളാക്കിയാണു കടകൾക്കു മുൻപിൽ പെട്ടി വണ്ടിയിട്ടു കച്ചവടമെന്നും രാത്രി 7നു ശേഷം വഴിയോരക്കച്ചവടം നടത്തണമെന്നാണു മുൻപു വ്യാപാരികളും പഞ്ചായത്ത് അധികൃതരും പൊലീസും നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണയെന്നും ഇത് അട്ടിമറിച്ചെന്നും വ്യാപാരി സംരക്ഷണസമിതി പ്രസിഡന്റ് സി.കെ.അച്യുതൻ പറഞ്ഞു. പഞ്ചായത്തിലെ ചില ജനപ്രതിനിധികളുടെ അനുവാദത്തോടെയാണു വഴിയോരക്കച്ചവടം നടക്കുന്നതെന്നും ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാവണമെന്നും കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം ആവശ്യപ്പെട്ടു.
പെട്ടി ഓട്ടോറിക്ഷകൾ കടകൾക്കു മുൻപിലും റോഡിലും ഇട്ടും പ്ലാസ്റ്റിക് പെട്ടികൾ നിരത്തി അതിനു മുകളിൽ പച്ചക്കറിയും മത്സ്യവും നിരത്തിയുമാണു വഴിയോരക്കച്ചവടം നടക്കുന്നതെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരു പറഞ്ഞു. ടൗണിലെ ട്രാഫിക് സംവിധാനം തന്നെ ഇല്ലാതായി. ബൈക്കുകളും കാറുകളും ഉൾപ്പെടെ തോന്നിയ പോലെ പാതയോരത്തു നിർത്തിപ്പോവുകയാണ്. ഓട്ടോറിക്ഷകളുടെ പാർക്കിങ് കൂടെയാകുമ്പോൾ ടൗണിൽ നിന്നു തിരിയാൻ ഇടമില്ല. ഗതാഗതസ്തംഭനം സ്ഥിരമായതിനാൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ശക്തമായ നടപടികളാണു സ്വീകരിക്കേണ്ടതെന്നു ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ ആവശ്യപ്പെട്ടു. നടപ്പാത കയ്യേറി വ്യാപാര സ്ഥാപനങ്ങൾക്കു മുൻപിൽ നടക്കുന്ന വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു വ്യാപാരികൾ പലവട്ടം പരാതികൾ കൊടുത്തിട്ടും നടപടിയില്ലെന്നു കടക്കാർ പറഞ്ഞു.