പോക്സോ കേസ്: പ്രതിക്ക് 17 വർഷം കഠിനതടവും 45,000 രൂപ പിഴയും
Mail This Article
മീനാക്ഷിപുരം ∙ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു 17 വർഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. വണ്ടിത്താവളം പാറമേട് മല്ലി അണ്ണൻ എന്ന എച്ച്.അബ്‌ദുൽ ഹമീദിനെ (56) ആണ് ശിക്ഷിച്ചത്. പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്‌ജി ടി.സഞ്ജുവാണു വിവിധ വകുപ്പുകൾ പ്രകാരം 17 വർഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 5 മാസം അധിക കഠിനതടവ് അനുഭവിക്കണം.
2022 ഏപ്രിൽ 7നു വൈകിട്ട് മൂന്നോടെ കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ മീനാക്ഷിപുരം എസ്ഐ ഗിരീഷ് കുമാർ റജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്‌ടർമാരായിരുന്ന ജെ.മാത്യു, സജു ആന്റണി എന്നിവരാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ.രാജേഷ് അന്വേഷണ ഉദ്യോഗസ്‌ഥരെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ച് 29 രേഖകൾ സമർപ്പിച്ചു. ലെയ്സൻ ഓഫിസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.