ഫുട്ബോൾ താരങ്ങളായ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു
Mail This Article
പറളി ∙ തേനൂർ പമ്പിനു സമീപം നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ഫുട്ബോൾ താരങ്ങളായ സുഹൃത്തുക്കൾ മരിച്ചു. പറളി പഴയപോസ്റ്റ് കുന്നത്ത് വീട്ടിൽ കെ.എം.അബ്ദുൽ സലീമിന്റെയും ഷഫീനയുടെയും മകൻ മുഹമ്മദ് സഫീൽ (19), ഒലവക്കോട് റെയിൽവേ കോളനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹാപ്പി നഗറിൽ അൻവറിന്റെയും സുഹറയുടെയും മകൻ മുഫാസിർ (19) എന്നിവരാണു മരിച്ചത്. ഇരുവരും പാലക്കാട് വിക്ടോറിയ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ്.
ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. കാലിക്കറ്റ് സർവകലാശാലാ ഫുട്ബോൾ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇവർ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്, റോഡിന്റെ വലതുഭാഗത്തു നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്കു തെറിച്ചു വീണു. സാരമായി പരുക്കേറ്റ വിദ്യാർഥികളെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് സഫീൽ രാവിലെത്തന്നെ മരിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫാസിർ വൈകിട്ട് അഞ്ചരയോടെയാണു മരിച്ചത്. മുഹമ്മദ് സഫീലിന്റെ കബറടക്കം ഇന്നലെ രാത്രിയോടെ പറളി പഴയപോസ്റ്റ് മസ്ജിദ് മുജാഹിദീൻ കബർസ്ഥാനിൽ നടന്നു. സഫീലിന്റെ സഹോദരൻ: സഫ്‌വാൻ. മുഫാസിറിന്റെ കബറടക്കം പിന്നീട്. സഹോദരി: മുഫീദ.
വിങ്ങിപ്പൊട്ടി നാട്
ഫുട്ബോൾ താരങ്ങളും ബിരുദ വിദ്യാർഥികളുമായ മുഹമ്മദ് സഫീലിന്റെയും മുഫാസിറിന്റെയും മരണവാർത്ത നാടിനെ ദുഃഖത്തിലാഴ്ത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കൾ അതിരാവിലെ വീട്ടിൽ നിന്നു ബൈക്കിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ റിപ്പോർട്ട് ചെയ്യാൻ പോകുമ്പാഴാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മുഹമ്മദ് സഫീലിന്റെ വീട്ടിൽ നിന്നു മൂന്നു കിലോമീറ്ററോളം അകലെയുള്ള തേനൂർ പമ്പിനു സമീപമായിരുന്നു അപകടം
സഫീലിന്റെ മരണ വാർത്ത പിതാവിനും മാതാവിനും ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ദുരന്തവാർത്ത നാട്ടിൽ പരന്നതോടെ കുന്നത്ത് വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. മുഫാസിർ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മരണവാർത്ത അറിഞ്ഞതും ഹാപ്പി നഗറിലെ ഹുസൈൻ ഹൗസിൽ ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടി.
കഴിഞ്ഞ യൂത്ത് ജില്ലാ ചാംപ്യൻഷിപ്പിൽ പാലക്കാട് ജില്ലയ്ക്കു വേണ്ടി രണ്ടു പേരും കളിച്ചിട്ടുണ്ട്. മികച്ച കളിക്കാർക്കുള്ള അവാർഡ് ലഭിച്ച സുഹൃത്തുക്കൾ മുട്ടിക്കുളങ്ങരയിലെ ഫുട്ബോൾ അക്കാദമിയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ പരിശീലനം തുടങ്ങിയതാണ്. ഒട്ടേറെ ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
അസോസിയേഷൻ അനുശോചിച്ചു
പാലക്കാട് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗവും എഫ്സി പെരിന്തൽമണ്ണ ടീമിന്റെ ഗോൾകീപ്പറുമായ മുഫാസിറിന്റെ അപകടമരണത്തിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുഫസിർ സെവൻസ് ഫുട്ബോൾ അസോസിയേഷൻ 2024 നവംബർ 10ന് ഏർപ്പെടുത്തിയ പ്ലെയേഴ്സ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ റജിസ്റ്റർ ചെയ്ത അംഗം കൂടിയാണ്. മരിച്ച മുഫാസിറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ലഭിക്കും എന്ന് അസോസിയേഷൻ അറിയിച്ചു.