കൂടെ വേണം എന്ന് സന്ദീപ് വാരിയർ, തീർച്ചയായും ഉണ്ടാകും എന്ന് മുരളീധരന്റെ മറുപടി
Mail This Article
ശ്രീകൃഷ്ണപുരം ∙ കടൽ, ആന, മോഹൻലാൽ, കെ.മുരളീധരൻ; ഈ നാലും എത്ര കണ്ടാലും മലയാളിക്കു മടുക്കില്ലെന്നും മറക്കില്ലെന്നും സന്ദീപ് വാരിയർ. സന്ദീപുമായി വേദി പങ്കിടാനായതിൽ ഇരട്ടിമധുരമെന്നു കെ.മുരളീധരൻ. സന്ദീപ് വാരിയർ ബിജെപി വിട്ടു കോൺഗ്രസിലെത്തിയപ്പോൾ, ‘എല്ലാക്കാലത്തും സ്നേഹത്തിന്റെ കടയ്ക്കൊപ്പം ഉണ്ടാകണമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും വെറുപ്പിന്റെ കടയിലേക്കു തിരിച്ചുപോകരുത്’ എന്നും കെ.മുരളീധരൻ പ്രതികരിച്ചിരുന്നു.
അതിനു ശേഷം ആദ്യമായി ഇന്നലെ ശ്രീകൃഷ്ണപുരത്ത് ഒരു സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇരുവരും കണ്ടു. വേദിയിലേക്കെത്തിയ മുരളിയോട്, ‘കൂടെ വേണം’ എന്നു പറഞ്ഞ സന്ദീപിനോടു ‘തീർച്ചയായും ഉണ്ടാകും’ എന്നായിരുന്നു മറുപടി. തുടർന്നു മുരളീധരൻ സന്ദീപിനെ ഷാൾ അണിയിച്ചു. കെ.മുരളീധരനെ കേരള രാഷ്ട്രീയത്തിൽ നിന്നു മാറ്റിനിർത്താനാവില്ലെന്നും ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയപ്പോഴും തികഞ്ഞ ബഹുമാനമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
ബിജെപി സംസ്ഥാന ഭാരവാഹിയായ ശേഷം നൽകിയ ആദ്യത്തെ അഭിമുഖങ്ങളിൽ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനു കെ.കരുണാകരൻ എന്നായിരുന്നു ഉത്തരം. വിമർശനങ്ങളുണ്ടായാലും തീരുമാനങ്ങളെടുത്താൽ അതിൽ ഉറച്ചു മുന്നോട്ടു പോകണം എന്ന മാതൃക കാണിച്ചതു കെ.കരുണാകരനാണ്. താൻ എല്ലാം തുറന്നു പറയുന്നയാളാണെന്നും പക്ഷേ, പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും വേദിയിൽ നിന്നിറങ്ങിയ ശേഷം കെ.മുരളീധരൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച സന്ദീപ് വാരിയർ പൂർണമായി കോൺഗ്രസുകാരനായി മാറി. ഇനി അദ്ദേഹത്തെ സംരക്ഷിക്കേണ്ടതു തങ്ങളുടെ കടമയാണെന്നും സന്ദീപിനെ ചേർത്തുപിടിച്ചു മുരളീധരൻ പറഞ്ഞു.