ADVERTISEMENT

പാലക്കാട്∙ നാല് ഓക്സിലറി ബൂത്തുകൾ (അധിക ബൂത്തുകൾ) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിനു സജ്ജീകരിച്ചിട്ടുള്ളത്. 1500ൽ കൂടുതൽ വോട്ടർമാരുള്ളയിടത്താണ് ഓക്സിലറി ബൂത്തുകൾ. ഗവ.ലോവർ പ്രൈമറി സ്കൂൾ കുന്നത്തൂർ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാരത്തെരുവ് അങ്കണവാടിയിലെ പ്രധാന പോളിങ് സ്റ്റേഷനു സമീപം (102 എ), ബി.ഇ.എസ് ഭാരതി തീർഥ വിദ്യാലയം കല്ലേക്കാട്-കിഴക്കുവശം (117എ), സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ കിണാശ്ശേരി-കിഴക്കു വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്സിലറി ബൂത്തുകൾ പ്രവർത്തിക്കുക.

ഉപതിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച്. ഡിവൈഎസ്‌പി അബ്‌ദുൽ മുനീർ, എഎസ്‌പി അശ്വതി ജിജി, ഡിവൈഎസ്‌പിമാരായ വി.എ.കൃഷ്‌ണദാസ്, ആർ.മനോജ് ‌കുമാർ, പി.ശശികുമാർ എന്നിവർ സമീപം. ചിത്രം: മനോരമ
ഉപതിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച്. ഡിവൈഎസ്‌പി അബ്‌ദുൽ മുനീർ, എഎസ്‌പി അശ്വതി ജിജി, ഡിവൈഎസ്‌പിമാരായ വി.എ.കൃഷ്‌ണദാസ്, ആർ.മനോജ് ‌കുമാർ, പി.ശശികുമാർ എന്നിവർ സമീപം. ചിത്രം: മനോരമ

വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതർ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും 9 മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തിലുണ്ട്.എല്ലാ ബൂത്തിലും റാംപ്, ശുചിമുറി, ശുദ്ധജല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ ഹരിതചട്ടം പാലിച്ചാണു പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 239 വിവി പാറ്റ് യൂണിറ്റുകളുമാണു തയാറാക്കിയിരിക്കുന്നത്.എല്ലാ പോളിങ് സ്റ്റേഷനിലും വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇന്നുമുതൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പൂർണ നിരീക്ഷണത്തിലായിരിക്കും വെബ് കാസ്റ്റിങ്. സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ് കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. പോളിങ് ദിനത്തിൽ രാവിലെ 5 മുതൽ പോളിങ് അവസാനിച്ചു ബൂത്തിലെ പ്രവർത്തനം അവസാനിക്കുന്നതു വരെ 184 ബൂത്തുകളിലും ലൈവ്‌ സ്ട്രീമിങ്   ഉണ്ടായിരിക്കും. മണ്ഡലത്തിൽ 3 ഇടങ്ങളിലായി ആകെ 7 വോട്ടെടുപ്പു കേന്ദ്രങ്ങളെയാണു പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സുരക്ഷാ സേനയുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക പരിഗണന നൽകും. 184 ബൂത്തുകളും താഴത്തെ നിലയിലാണു സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, വീൽ ചെയർ, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കാൻ സഹായികൾ, ശുദ്ധജലം, വോട്ടിങ് മെഷീനിൽ ബ്രെയിൽ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനു വരി നിൽക്കേണ്ട. അത്യാവശ്യ ഘട്ടങ്ങളിൽ ഇവർക്കു വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീൽചെയറും മറ്റു സൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് ആവശ്യപ്പെടാം.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു പൂർത്തിയാകും
പാലക്കാട്∙ വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു പൂർത്തിയാകും. ഗവ. വിക്ടോറിയ കോളജാണു പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്കു തന്നെയാണു വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്നു രാത്രിയോടെ തന്നെ കോളജിലെ പുതിയ തമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

English Summary:

Palakkad is fully prepared for the upcoming by-election with 184 polling booths equipped with facilities like ramps, toilets, and drinking water. The election process prioritizes accessibility for differently-abled individuals and implements a green protocol. Security measures are in place, and live webcasting will be available from all polling booths.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com