വോട്ടെടുപ്പിൽ നഗരസഭ പരിധിയിലെ ഏറ്റക്കുറച്ചിലുകൾ ആരെ തുണയ്ക്കും? ആരെ വീഴ്ത്തും ?
Mail This Article
പാലക്കാട് ∙ വോട്ടെടുപ്പിൽ നഗരസഭ പരിധിയിലെ ഏറ്റക്കുറച്ചിലുകൾ ആരെ തുണയ്ക്കും? ആരെ വീഴ്ത്തും ? ഇക്കാര്യത്തിൽ മുന്നണികൾ ആത്മവിശ്വാസത്തിലാണെങ്കിലും ആശങ്ക ഇല്ലെന്നു തീർത്തു പറയുന്നില്ല. ശക്തികേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം തങ്ങൾക്ക് അനുകൂലമെന്ന് ബിജെപിയും യുഡിഎഫും അവകാശപ്പെടുന്നു. അതേസമയം, സ്ഥിതി മെച്ചപ്പെടുത്തുമെന്നു മാത്രമല്ല വൻ കുതിപ്പെന്ന് സിപിഎമ്മും അവകാശപ്പെടുന്നു.കൽപാത്തിയിൽ ഉദ്ദേശിച്ച പോളിങ് ശതമാനം എത്താത്തതിൽ ബിജെപിയിലും കോൺഗ്രസിനും ആശങ്കയുണ്ട്. അതേസമയം വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ ആധിപത്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ബിജെപിയുടെ ശക്തി കേന്ദ്രമായ വടക്കന്തറ, മൂത്താന്തറ മേഖലയിലെ പോളിങ്ങ് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയും നൽകുന്നെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാർട്ടിക്കു വേരോട്ടം ഉള്ള ഇതര മേഖലകളിലും ഭേദപ്പെട്ട പോളിങ് ഉണ്ട്. മൂത്താന്തറ, കറുകോടി, കോഴിപ്പറമ്പ്, വടക്കന്തറ ഉൾപ്പെടെയുള്ള മേഖലകളിലെ ബൂത്തുകളിൽ പോളിങ് 80% കടന്നു. ഇവിടെ 7 വാർഡുകളിലായി 14 ബൂത്തുകളുണ്ട്. പോളിങ് ഉറപ്പാക്കാൻ ആർഎസ്എസും ശക്തമായി ഇടപെട്ടിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ അനുകൂല വോട്ടിങ് ഉയർത്താനായെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. യന്ത്രത്തകരാർ കാരണം വോട്ടെടുപ്പു വൈകിയെങ്കിലും സമയപരിധിക്കുള്ളിൽ എത്തിയ എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയതും ഗുണകരമായി.
മുഖം കൊടുക്കാതെ തിരിഞ്ഞുനടന്നോ?പോളിങ് ദിനത്തിൽ പുതിയ വിവാദം
പാലക്കാട് ∙ ഷേക്ക് ഹാൻഡ് വിവാദത്തിനു പിന്നാലെ വോട്ടെടുപ്പു ദിനത്തിൽ അഭിവാദ്യ വിവാദവും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിനു മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നതാണു സംഭവം.രാവിലെ അയ്യപുരം ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുമ്പോഴാണ് അതേ ബൂത്തിൽ വോട്ട് ചെയ്യാൻ സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് എത്തിയത്. കൃഷ്ണദാസിനെ കണ്ടതോടെ സി.കൃഷ്ണകുമാർ അഭിമുഖം നിർത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ നീങ്ങി. എന്നാൽ, എൻ.എൻ.കൃഷ്ണദാസ് സി.കൃഷ്ണകുമാറിനു നേരെ നോക്കാതെ ബൂത്തിലേക്കു പോയി. കൃഷ്ണകുമാർ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ അതു തടസ്സപ്പെടുത്തേണ്ടെന്നു കരുതിയാണു നേരെ ബൂത്തിലേക്കു പോയതെന്നും അദ്ദേഹം പിന്നാലെ എത്തി വിളിച്ചതു ശ്രദ്ധയിൽപെട്ടില്ലെന്നും പിന്നീടു കൃഷ്ണദാസ് വിശദീകരിച്ചു. നേരത്തെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിനു കൈ കൊടുത്തില്ലെന്നു വിവാദമുയർന്നിരുന്നു.
സുരക്ഷയും സഹായവും ഒരുക്കി പൊലീസ്
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പൊലീസ് ഒരുക്കിയതു പഴുതടച്ച സുരക്ഷ; ഒപ്പം വോട്ടർമാർക്കു പരമാവധി സഹായവും. പ്രശ്നബാധിത ബൂത്തുകളിൽ പൊലീസിനൊപ്പം അർധസൈനിക വിഭാഗത്തെ നിയോഗിച്ചതും ഫലപ്രദമായി.വെണ്ണക്കര ഒഴികെ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. സുൽത്താൻപേട്ട ഗവ. എൽപി സ്കൂളിനു മുന്നിൽ ഇരട്ടവോട്ട് വിവാദത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടായി. ഈ രണ്ടു പ്രതിഷേധങ്ങളും അനിഷ്ട സംഭവങ്ങളിലേക്കു കടക്കാതെ പൊലീസ് കൈകാര്യം ചെയ്തു.പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള തുടർച്ചയായ പട്രോളിങ്ങും ഫലപ്രദമായി.ശാരീരിക അവശതകൾ ഉള്ള വോട്ടർമാരെ പൊലീസ്തന്നെ ബൂത്തുകളിലേക്കു പ്രവേശിക്കാൻ സഹായിച്ചു. പലയിടത്തും വീൽചെയറിൽ ഇവരെ ബൂത്തിലെത്തിച്ചതും പൊലീസ് സഹായത്തോടെയാണ്. പരീക്ഷകൾക്കും പഠനത്തിനുമായി പോകുന്ന വിദ്യാർഥികൾ ബൂത്തിലെത്തിയപ്പോൾ പരമാവധി വേഗത്തിൽ വോട്ട് രേഖപ്പെടുത്താൻ പൊലീസ് സൗകര്യം ഒരുക്കി.ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, അഡീഷനൽ എസ്പി പി.സി.ഹരിദാസ്, എഎസ്പി അശ്വതി ജിജി, ഡിവൈഎസ്പിമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ പ്രവർത്തനം.
സംഘർഷം സൃഷ്ടിക്കുന്നു: ശ്രീകണ്ഠൻ
പാലക്കാട് ∙ തിരഞ്ഞെടുപ്പു ചട്ടം പാലിച്ചുതന്നെയാണു രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തുകൾ സന്ദർശിച്ചതെന്നു വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. സ്ഥാനാർഥിക്കും മുഖ്യതിരഞ്ഞെടുപ്പ് ഏജന്റിനും ചട്ടങ്ങൾ പാലിച്ചു ബൂത്തുകൾ സന്ദർശിക്കാം. പരാജയ ഭീതിയിൽ മനഃപൂർവം സിപിഎമ്മും ബിജെപിയും സംഘർഷം സൃഷ്ടിക്കുകയാണ്. തുടക്കം മുതലുള്ള ആരോപണങ്ങളെല്ലാം പൊളിഞ്ഞതിനാൽ പോളിങ്ങിന്റെ അവസാന നിമിഷം സംഘർഷത്തിലൂടെ യുഡിഎഫിന് അനുകൂലമായ വോട്ടുകൾ തടയാനാണ് ഇരുകൂട്ടരുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ബൂത്തിലും എൻഎസ്എസ് വൊളന്റിയർമാർ
പാലക്കാട് ∙ വോട്ടെടുപ്പു നടന്ന മുഴുവൻ ബൂത്തുകളിലും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും സഹായമായി എൻഎസ്എസ് വൊളന്റിയർമാർ. വീൽചെയർ, ശുദ്ധജലം പോലെയുള്ള സൗകര്യങ്ങൾ ജില്ലാ സാമൂഹിക നീതി ഓഫിസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.ഓരോ പോളിങ് ബൂത്തിലും ഒരു വൊളന്റിയറാണ് ഉണ്ടായിരുന്നത്. കുമരപുരം ജിഎച്ച്എസ്എസ്, ബിഗ് ബസാർ ഹയർ സെക്കൻഡറി സ്കൂൾ, പിഎംജി എച്ച്എസ്എസ്, കണ്ണാടി ജിഎഎം ജിഎച്ച്എസ്, മാത്തൂർ സിഎഡി എച്ച്എസ്എസ് എന്നിവിടങ്ങളിലെ വൊളന്റിയർമാരാണ് ഉണ്ടായിരുന്നത്. 790 ഭിന്നശേഷി വോട്ടർമാരാണ് ഉണ്ടായിരുന്നത്. നാലു ട്രാൻസ്ജെൻഡർ വോട്ടർമാരിൽ മുഴുവനാളുകളും വോട്ട് ചെയ്തു.
പാലക്കാട് എൽഡിഎഫ് ജയം: സിപിഎം
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പു ഫലം വരുമ്പോൾ വട്ടിയൂർക്കാവിലെ പോലെ പാലക്കാട് എൽഡിഎഫ് ജയിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്‌ബാബു അവകാശപ്പെട്ടു.ബിജെപി മൂന്നാം സ്ഥാനത്താകും. യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞതു ഫലം എൽഡിഎഫിന് അനുകൂലമാകുമെന്നതിന്റെ സൂചനയാണ്. യുഡിഎഫ് – ബിജെപി ഡീൽ തിരഞ്ഞെടുപ്പിൽ വ്യക്തമായി. ഉച്ചയോടെതന്നെ കോൺഗ്രസ് പ്രവർത്തകർ ബൂത്തുകളിൽ നിന്നു പിൻവാങ്ങിയതു ഡീലിന്റെ ഭാഗമാണ്. അതു പുറത്തുവരാതിരിക്കാനാണ് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞുവെന്നുള്ള പ്രചാരണവും ബിജെപി ജില്ലാ പ്രസിഡന്റ് വോട്ട് ചെയ്യാൻ എത്തുന്നതു തടയാനുള്ള വി.കെ.ശ്രീകണ്‌ഠൻ എംപിയുടെ ഷോയും എന്നു സുരേഷ് ബാബു ആരോപിച്ചു. കൃത്യമായ രാഷ്ട്രീയമാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. കടുത്ത വർഗീയവാദിയായ സന്ദീപ് വാരിയർ ആർഎസ്‌എസിൽ നിൽക്കുമ്പോൾ പ്രചരിപ്പിച്ച വിഷലിപ്‌തമായ പ്രസ്‌താവനയാണ് എൽഡിഎഫ് തുറന്നുകാട്ടിയത്.
യന്ത്രത്തകരാറിൽ കുടുങ്ങി സരിനും
പാലക്കാട് ∙ വോട്ടിങ് യന്ത്രത്തിന്റെ തകരാർ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിനെയും വലച്ചു. 88ാം നമ്പർ ബൂത്തായ മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ സരിൻ രാവിലെ 7.20നു തന്നെ എത്തിയെങ്കിലും യന്ത്രത്തകരാർ കാരണം തിരികെ പോയി.മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിക്കുന്നതിനിടെ പിന്നീട് അദ്ദേഹം ഉച്ചയ്ക്കു ശേഷം 2.30ന് എത്തിയാണു വോട്ടു രേഖപ്പെടുത്തിയത്. യന്ത്രത്തിന്റെ ബാറ്ററി തകരാറാണു രാവിലെ പ്രതിസന്ധി സൃഷ്ടിച്ചത്. അരമണിക്കൂറിലേറെ സമയം അദ്ദേഹം പോളിങ് ബൂത്തിൽ കാത്തുനിന്നു.എന്നിട്ടും യന്ത്രത്തകരാർ പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോഴാണു മടങ്ങിയത്. മുക്കാൽ മണിക്കൂറിനുശേഷം തകരാർ പരിഹരിച്ചു വോട്ടിങ് പുനരാരംഭിച്ചു.
വൈകിട്ടു തിരക്ക്; പോളിങ് നീണ്ടു
പാലക്കാട് ∙ പാലക്കാട് നിയോജക മണ്ഡലത്തിലുൾപ്പെട്ട മൂന്നു പഞ്ചായത്തുകളിലെയും ചില ബൂത്തുകളിൽ പോളിങ് അവസാനിച്ച് ആറു മണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിരയുണ്ടായി. വരിയിലുണ്ടായിരുന്ന എല്ലാ വോട്ടർമാർക്കും ടോക്കൺ കൊടുത്ത ശേഷം വോട്ട് ചെയ്യാൻ അവസരമൊരുക്കി. പിരായിരി പഞ്ചായത്തിലെ 116–ാം നമ്പർ ബൂത്തായ കല്ലേക്കാട് ബ്ലോക്ക് ഓഫിസിലും, കണ്ണാടി പഞ്ചായത്തിലെ കടകുറുശ്ശി ജിഎൽപി സ്കൂൾ, കണ്ണാടി ഹയർസെക്കൻഡറി സ്കൂൾ, കിണാശ്ശേരി തണ്ണീർപന്തൽ സ്കൂൾ, മാത്തൂർ പഞ്ചായത്തിലെ ബംഗ്ലാവ് സ്കൂൾ, തണ്ണീരങ്കാട് അങ്കണവാടി, കിഴക്കേത്തറ ഈസ്റ്റ് എഎൽപി സ്കൂൾ എന്നീ ബൂത്തുകളിലുമാണ് ആറു മണിക്കു ശേഷവും വോട്ടെടുപ്പു നടത്തിയത്. വൈകിട്ട് സ്ത്രീ വോട്ടർമാരുടെ തിരക്കാണു കൂടുതലായി അനുഭവപ്പെട്ടത്. രാവിലെ തിരക്ക് ഉണ്ടാകുമെന്നു കരുതി ഉച്ചയ്ക്ക് ശേഷം വോട്ടർമാർ കൂട്ടമായെത്തിയതാണ് ആറു മണിക്ക് ശേഷവും നീണ്ട നിര ഉണ്ടാകാനുണ്ടായ കാരണം.