യാത്രാദുരിതം; ‘നറണി–ആലാംകടവിൽ താൽക്കാലിക പാത നിർമിക്കണം’
Mail This Article
ചിറ്റൂർ ∙ പുഴയുടെ ഇരുകരകളിലുമുള്ളവരുടെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ താൽക്കാലിക മൺപാത പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുഴയ്ക്കു കുറുകെ പാലം പണിയുന്നതിന്റെ ഭാഗമായി നിലംപതി പാലം പൊളിച്ചതോടെയാണ് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത്. മഴക്കാലത്തും പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും നറണി–ആലാംകടവ് നിലംപതി വെള്ളത്തിൽ മുങ്ങുന്നതു പതിവായിരുന്നു. പലപ്പോഴും അതു വലിയ അപകടങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുന്നതിനായാണ് നിലംപതിക്കു പകരം പാലം പണിയാനുള്ള നടപടികൾ ആരംഭിച്ചത്.മുൻപുണ്ടായിരുന്ന നിലംപതി പാലം പൊളിക്കുന്നതിനു മുൻപുതന്നെ അതിനു സമാന്തരമായി താൽക്കാലിക മൺപാത നിർമിച്ചിരുന്നു.
ചെറിയ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുക എന്ന ഉദ്ദ്യേശത്തോടെ പാലം പണിയുന്ന കരാർ കമ്പനിയാണ് താൽക്കാലിക മൺപാത ഒരുക്കിയത്.എന്നാൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മൺപാത ഒലിച്ചുപോയി. വീണ്ടും മൺപാത പുനഃസ്ഥാപിച്ചെങ്കിലും മഴക്കാലത്തെ കുത്തൊഴിക്കിൽ വീണ്ടും തകർന്നതോടെയാണ് ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചത്.ഇതോടെ മറുകരയിലേക്കു വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ 5 കിലോമീറ്ററിലധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.പുഴയിൽ ഒഴുക്ക് കുറയുന്ന സമയത്ത് പ്രായമായവർ ഉൾപ്പെടെ പുഴയിലൂടെ ഇറങ്ങി മറുകരയിലെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്.വിവിധ ജോലികൾക്കു പോകുന്നവർക്കു പുറമേ നൂറുകണക്കിനു വിദ്യാർഥികളും യാത്രാദുരിതം അനുഭവിക്കുകയാണ്.