പാട്ടത്തിനെടുത്ത വാഹനം ഉടമയറിയാതെ പൊളിച്ചുവിറ്റു: നാലു പേർ അറസ്റ്റിൽ
Mail This Article
ഷൊർണൂർ ∙ പാട്ടത്തിനെടുത്ത വാഹനം കൈമാറി ഉടമ അറിയാതെ പൊളിച്ചു വിറ്റ കേസിൽ 4 പേർ ഷൊർണൂർ പൊലീസിന്റെ പിടിയിലായി. ഈ കേസ് ഒതുക്കിത്തീർക്കാം എന്നു പറഞ്ഞു പൊലീസിനു കൊടുക്കാനാണെന്നു വിശ്വസിപ്പിച്ചു കാൽ ലക്ഷം രൂപ തട്ടിയ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ഷൊർണൂർ നെടുങ്ങോട്ടൂർ പൈമ്പ്രത്ത് വീട്ടിൽ പി.ഷിജു മോഹൻ (28), ഗുരുവായൂർ പുന്നയൂർകുളം തണ്ണീർക്കോട് വീട്ടിൽ മുഹമ്മദ് ലത്തീഫ് (26), ഗുരുവായൂർ പുന്നയൂർകുളം താമരശേരി വീട്ടിൽ സജീഷ് (39), ചാലിശേരി ചാത്തന്നൂർ പറമ്പിൽ വീട്ടിൽ ഉമ്മർ (49) എന്നിവരാണു വാഹനം കൈമാറി പൊളിച്ചു വിറ്റ കേസിൽ അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് ചെറുതുരുത്തി ദേശമംഗലം കൂവാരത്തൊടിയിൽ ഷാനവാസ് (41) ആണു പൊലീസിനാണെന്ന വ്യാജേന പണം തട്ടിയ കേസിൽ അറസ്റ്റിലായത്. രണ്ടു കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.10 മാസം മുമ്പാണു വാണിയംകുളം പനയൂർ സ്വദേശി ഫൈസൽ തന്റെ പിക്കപ് വാൻ ഷിജു മോഹനു പാട്ടത്തിനു നൽകിയത്. കുറച്ചു തുക നൽകി വാഹനം കൊണ്ടുപോകുകയും ബാക്കി തുക പിന്നീടു നൽകാം എന്നു പറയുകയുമായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഷിജു മോഹൻ വാഹനം മുഹമ്മദ് ലത്തീഫിന്, ഒരു തുക പറഞ്ഞു നൽകി. ലത്തീഫ് 2 മാസത്തിലധികം വാഹനം ഓടിച്ച ശേഷം, ഒരു തുക പറഞ്ഞ് സജീഷിനു നൽകുകയായിരുന്നു. സജീഷ് കുറച്ചു മാസം വാഹനം ഓടിച്ച ശേഷം പൊളിച്ചു വിൽക്കാനായി പണം വാങ്ങി ഉമ്മറിനു കൈമാറി.
ഉമ്മർ വാഹനം കോയമ്പത്തൂരിലെത്തിച്ചു പൊളിച്ചു വിൽക്കുകയും ചെയ്തു. ഉടമ ഫൈസൽ പാട്ടത്തിനു നൽകിയ ഷിജു മോഹനോട് ചോദിച്ചപ്പോഴാണു വാഹനം കൈമാറി പൊളിച്ചു വിറ്റത് അറിയുന്നത്. ഉടൻ കോടതിയിൽ പരാതി നൽകുകയും കോടതി കേസ് ഷൊർണൂർ പൊലീസിനു കൈമാറുകയുമായിരുന്നു.ഇതിനിടയിലാണ് കോൺഗ്രസ് നേതാവായ ചെറുതുരുത്തി സ്വദേശി ഷാനവാസ്, ഉമ്മറിനെയും വാഹന ഉടമയായ ഫൈസലിനെയും നേരിട്ടു കാണണമെന്നും പ്രശ്നം പരിഹരിക്കാൻ പൊലീസിനു നൽകാൻ 35,000 രൂപ വേണമെന്നും ആദ്യഘട്ടമായി 25,000 കൊടുക്കണമെന്നും ആവശ്യപ്പെട്ടത്.ഇവർ 25,000 രൂപ ഷാനവാസിനു കൈമാറുകയും ചെയ്തു. വാഹനം പൊളിച്ച കേസിൽ പൊലീസ് ഉമ്മറിനെ പിടികൂടിയപ്പോഴാണ് പണം തട്ടിയ ഷാനവാസിന്റെ വിവരങ്ങൾ അറിയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാർ, ഇൻസ്പെക്ടർ വി.രവികുമാർ, എസ്ഐമാരായ എം.മഹേഷ് കുമാർ, സേതുമാധവൻ, എഎസ്ഐമാരായ കെ.അനിൽകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.റിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.