മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു
Mail This Article
മണ്ണാർക്കാട്∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ. പൊലീസുകാർക്കു വിശ്രമമുറികളില്ല. ഡിവൈഎസ്പി ഓഫിസില്ല. ഡിവൈഎസ്പി ഓഫിസ് പ്രവർത്തിക്കുന്നതു പഴയ സിഐ ഓഫിസ് കെട്ടിടത്തിൽ. കേസുകളുടെ എണ്ണത്തിൽ ജില്ലയിൽ മുൻനിരയിലുള്ള പൊലീസ് സ്റ്റേഷനാണു മണ്ണാർക്കാട്.
മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ, ട്രാഫിക് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് തുടങ്ങി മൂന്നു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഒരു വളപ്പിലാണ്. മൂന്നിടത്തുമായി ശരാശരി 90 പൊലീസുകാരാണു ജോലിക്കുണ്ടാകുക. ഇവർക്ക് ആവശ്യമായ വിശ്രമമുറികളില്ല. പൊലീസ് സ്റ്റേഷനു പിൻവശത്തുള്ള ഡോർമട്രിയാണു വിശ്രമത്തിനായി ആശ്രയിക്കുന്നത്. ഇവിടെയും ആവശ്യത്തിനു കട്ടിലുകളോ കസേരകളോ ഇല്ല. ജോലിക്കിടെ അൽപം വിശ്രമിക്കണമെങ്കിൽ ക്വാർട്ടേഴ്സുകളിലുള്ള സഹപ്രവർത്തകരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാൻ ഒരുക്കിയിരുന്ന മുറിയിലാണു നിലവിൽ എസ്എച്ച്ഒ ഇരിക്കുന്നത്. വിവിധ പരാതികവുമായി വരുന്നരെ ഇരുത്തി സംസാരിക്കാനുള്ള മുറിയില്ല. സിഐ ഓഫിസ് കെട്ടിടമാണ് ഇപ്പോൾ ഡിവൈഎസ്പി ഓഫിസ് ആയി ഉപയോഗിക്കുന്നത്. മണ്ണാർക്കാട്, കല്ലടിക്കോട്, കോങ്ങാട്, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, നാട്ടുകൽ സ്റ്റേഷനുകളും മണ്ണാർക്കാട് ട്രാഫിക് സ്റ്റേഷനും ഉൾപ്പെടെ ഏഴു സ്റ്റേഷനുകളാണു മണ്ണാർക്കാട് സബ് ഡിവിഷനു കീഴിൽ വരുന്നത്.
ഏഴു സ്റ്റേഷനുകളിലെ കേസുകളുടെ ഫയലുകൾ സൂക്ഷിക്കേണ്ടതു മണ്ണാർക്കാട് സബ് ഡിവിഷൻ ഓഫിസിലാണ്. സ്ഥലമില്ലാത്തതിനാൽ ഫയലുകൾ നിലത്താണ് അടുക്കി വയ്ക്കുന്നത്. ഡിവൈഎസ്പി വിളിക്കുന്ന യോഗത്തിനെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ല. രണ്ടര ഏക്കർ സ്ഥലം മണ്ണാർക്കാട് സ്റ്റേഷനുണ്ട്. എംഎൽഎയോ എംപിയോ തുക അനുവദിക്കുകയാണെങ്കിൽ കെട്ടിടം നിർമിക്കാനുള്ള സ്ഥലം മണ്ണാർക്കാട് സ്റ്റേഷനിലുണ്ട്.