ബിജെപിക്കു തിരിച്ചടിയും നാണക്കേടും; എല്ലാം ഒരുവിഭാഗം നേതാക്കളിൽ കേന്ദ്രീകരിച്ചു, പ്രവർത്തകർ അകന്നു
Mail This Article
പാലക്കാട് ∙ ബിജെപിയിൽ സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പു പ്രവർത്തനം വരെ ഒരു വിഭാഗം നേതാക്കളെ കേന്ദ്രീകരിച്ചായതു സജീവ പ്രവർത്തകരെ അകറ്റിയെന്നു പ്രവർത്തകർക്കിടയിൽ ആരോപണം. ആർഎസ്എസ് സജീവമായി ഇല്ലായിരുന്നെങ്കിൽ പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയേനെ എന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. പരമ്പരാഗതമായി സംഘപരിവാർ സ്വാധീനം ശക്തമായ പാലക്കാട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം അവ രൂക്ഷമാക്കുന്ന രീതിയിലുള്ള സമീപനം ദോഷംചെയ്തു. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും ഒരു ഘടകമെന്ന പ്രാഥമിക വസ്തുത അവഗണിച്ചു. ജനത്തിന്റെ അഭിപ്രായം പരിഗണിച്ചില്ലെന്ന ആക്ഷേപവും ശക്തമായി.
ആർഎസ്എസ് മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും അതു വോട്ടാക്കി മാറ്റാനുളള ശ്രമവും തന്ത്രവും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായില്ല. പ്രവർത്തകരിലെ അമർഷവും രോഷവും തിരിച്ചറിയാനും പരിഹരിക്കാനും വൈകി. അവസാനഘട്ടത്തിലാണ് ഏകോപന നീക്കമുണ്ടായത്. ജില്ലയുടെ ചുമതലയുമുള്ള സംസ്ഥാന നേതാവിന്റെ നീക്കങ്ങൾ ഉണ്ടാക്കിയ ഭിന്നതകളും ആരോപണങ്ങളും പലപ്പോഴും അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
ജില്ലാ നേതൃത്വത്തിന്റെ പരാജയം വോട്ടെടുപ്പിൽ പ്രതിഫലിച്ചു.സ്ഥാനാർഥി നിർണയ ചർച്ചയ്ക്കു കുമ്മനം രാജശേഖരൻ വന്നപ്പോൾ ഔദ്യോഗികപക്ഷക്കാരെ മാത്രമാണ് ചർച്ച അറിയിച്ചത്. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് ഉൾപാർട്ടി സർവേയിൽ കൂടുതൽ പേർ നിർദേശിച്ചതെങ്കിലും സർവേയിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മണ്ഡലത്തിൽ സ്വാധീനവും പരിചയവുമുള്ള വ്യക്തിയെ സ്ഥാനർഥിയാക്കാനാണു പാർലമെന്ററി ബോർഡ് നിർദേശമെന്നാണു നേതൃത്വം പ്രവർത്തകരെ അറിയിച്ചത്.
കുറഞ്ഞത് എണ്ണായിരം വോട്ടിനു സി.കൃഷ്ണകുമാർ ജയിക്കുമെന്ന് നേതാക്കൾ കണക്കുകൂട്ടിയെങ്കിലും മൊത്തം 10,671 വോട്ടു കുറഞ്ഞു. സന്ദീപ് വാരിയരെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചതും തിരിച്ചടിയായി. സംസ്ഥാന നേതൃത്വം നേരിട്ട് ചർച്ച ചെയ്തിരുന്നെങ്കിൽ വിഷയം തൽക്കാലത്തേക്കെങ്കിലും പരിഹരിക്കാമായിരുന്നു. അവസാനഘട്ടത്തിൽ അദ്ദേഹം സംഘടനാവിരുദ്ധ പ്രസ്താവനകൾ ഇറക്കിത്തുടങ്ങി. സന്ദീപിന്റെ കാര്യം പരിഹരിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അമർഷത്തിലായിരുന്നു. തോൽവിയുടെയും നാണക്കേടായ വോട്ടുകുറവിന്റെയും കാരണം നഗരസഭയുടെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.