അരിവാൾ പണയം വച്ചു, സിപിഎം നേട്ടം വെറും 860 വോട്ട്
Mail This Article
പാലക്കാട് ∙ അരിവാൾ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചു സ്വതന്ത്രനെ സ്ഥാനാർഥിയാക്കി സിപിഎം നടത്തിയ പരീക്ഷണത്തിനു പ്രതിഫലം 860 അധികവോട്ടിന്റെ ആശ്വാസം മാത്രം. മൂന്നാം സ്ഥാനം രണ്ടാം സ്ഥാനമാക്കാനുള്ള അടവുനയം ഏറ്റില്ല. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഏളമരം കരീം, പി.കെ.ശ്രീമതി, എ.കെ.ബാലൻ എന്നിവരുൾപ്പെടെ ഉന്നതരായ നേതാക്കൾക്കായിരുന്നു പ്രചാരണത്തിന്റെ മേൽനോട്ടം.
പ്രചാരണത്തിന്റെ അവസാന 2 ദിവസം ആറിടത്താണു മുഖ്യമന്ത്രി പ്രസംഗിച്ചത്. തിരഞ്ഞെടുപ്പിൽ ചർച്ചയായ വിവാദങ്ങൾ മുഴുവൻ കൊണ്ടുവന്നതു സിപിഎമ്മാണ്. എന്നിട്ടും വലിയ വോട്ടുവർധന കിട്ടിയില്ല. മുന്നണിയിൽ കൂടിയാലോചിക്കാതെ ഏകപക്ഷീയ തീരുമാനങ്ങളെടുത്തതിലെ വീഴ്ചകളും തിരിച്ചടികളും മുന്നണിയിലും പാർട്ടി സമ്മേളനങ്ങളിലും സിപിഎം വിശദീകരിക്കേണ്ടിവരും.
നേതൃത്വവുമായി ചർച്ചചെയ്യാതെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതും പാതിരാ റെയ്ഡും ട്രോളി വിവാദവും മാധ്യമങ്ങളോടുള്ള അധിക്ഷേപവും സംഘടനയിൽ ചോദ്യം ചെയ്യപ്പെടും. എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ ആകർഷിക്കാനാണു സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയതെന്നാണു സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത്. സരിനെ മുന്നിൽ നിർത്തി നടത്തിയ വൻ പ്രചാരണത്തിൽ രണ്ടാം സ്ഥാനം പാർട്ടി കണക്കുകൂട്ടി.
പാർട്ടിക്കു കൂടുതൽ കേഡർമാരും, ജനസ്വാധീനവുമുള്ള ജില്ലയിലെ പ്രധാന മണ്ഡലത്തിലെ ദയനീയമായ മൂന്നാം സ്ഥാനം മാറ്റിയെടുക്കണമെന്നും തീരുമാനിച്ചു.സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു നീക്കങ്ങൾ. നഗരസഭാ മേഖലയിൽ യുഡിഎഫിനും എൻഡിഎയ്ക്കും ഒപ്പമെത്തണം എന്ന ലക്ഷ്യം സംഘടനാ ദൗർബല്യം കാരണം എത്തിപ്പിടിക്കാനായില്ല.
സിപിഎം പഞ്ചായത്തായി അറിയപ്പെടുന്ന കണ്ണാടിയിൽ നിന്ന് 9000, മാത്തൂരിൽ നിന്ന് 8,500, പിരായിരിയിൽ 10,000 എന്നിങ്ങനെ വോട്ട് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് യഥാക്രമം 6615, 6926, 6846 വോട്ടുകളാണ്. നഗരസഭയിൽ 363 വോട്ട് കൂടുതൽ ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരന് അധികം കിട്ടിയ വോട്ടുകളിൽ പകുതിയോളം പോൾ ചെയ്തില്ലെന്നും ചെയ്തവ യുഡിഎഫിന് അനുകൂലമായെന്നും സിപിഎം വിലയിരുത്തുന്നു. സ്ഥാനാർഥി എന്ന നിലയിൽ ഡോ.പി.സരിൻ മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നും പാർട്ടി ചട്ടക്കൂട്ടിലേക്കു കൂടുതൽ കടന്നുവന്നുവെന്നും പാർട്ടി കരുതുന്നു.