സ്മാർട് വ്യവസായ നഗരത്തിനായി പാലക്കാടിനെ ഒരുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നു
Mail This Article
എന്തായിരുന്നു ഇടതുപക്ഷത്തിന് ഇത്രയേറെ രാഹുലിനോട് വിരോധം
∙പിണറായി വിജയൻ സർക്കാരിനെതിരെ തെരുവുകളിൽ പോരാടി ചോരവീഴ്ത്തുകയും ജയിലിൽ കഴിയുകയും ചെയ്തയാളാണു ഞാൻ. എന്റെ സാന്നിധ്യം നിയമസഭയിൽ പാടില്ലെന്ന് ചിലരൊക്കെ തീരുമാനിച്ചു. ജനങ്ങളുമായി സംസാരിക്കേണ്ട തിരഞ്ഞെടുപ്പ് സമയത്ത് എന്നെ വിവാദങ്ങളിലേക്കു വലിച്ചഴിച്ചു. ഇതെല്ലാം ജനം കാണുന്നുണ്ട്. ഇനിയെങ്കിലും സിപിഎം വ്യക്തിപരമായ അധിക്ഷേപം നടത്തിയുള്ള പ്രചാരണം നിർത്തണം.
ഷാഫി പറമ്പിലിന്റെ നോമിനി എന്ന പേരിനെക്കുറിച്ച്
∙ വി.കെ.ശ്രീകണ്ഠൻ എംപിയുടെ കൂടി നോമിനിയാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇനിയും വോട്ടുകൂടിയേനെ. ഷാഫിയും പാലക്കാടും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. അത് എന്നെ ജനം കൂടുതൽ ചേർത്തു നിർത്താൻ സഹായിച്ചു.
എന്തൊക്കെയാണു പാലക്കാടിനായി മനസ്സിലുള്ളത്
∙ പാലക്കാട് നഗരസഭയിലെ ഭരണം പിടിക്കുകയാണ് ആദ്യ ലക്ഷ്യം. ഒപ്പം തദ്ദേശതിരഞ്ഞെടുപ്പിലും പാർട്ടിയെ ശക്തമാക്കും. ഷാഫി പറമ്പിൽ കൊണ്ടുവന്ന വികസനത്തുടർച്ചയാണു ലക്ഷ്യമിടുന്നത്. ഉമ്മൻചാണ്ടി സാറിന്റെയും ഷാഫി പറമ്പിലിന്റെയും ശ്രമഫലമായി കൊണ്ടുവന്ന മെഡിക്കൽ കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണം. ജില്ലാ സ്റ്റേഡിയം യാഥാർഥ്യമാക്കണം. പാലക്കാട് നഗരത്തിലെ ബൈപാസ് പദ്ധതികൾ പൂർത്തീകരിക്കണം. നെൽക്കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ഞാൻ നിയമസഭയിൽ ഉണ്ടാകും.
യുവാക്കൾക്കായി എന്തൊക്കെയാണുള്ളത്
∙ വി.കെ.ശ്രീകണ്ഠൻ എംപിയുടെ ശ്രമഫലമായി പാലക്കാടിനു ലഭിച്ചതാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി. പദ്ധതി പ്രദേശം നിയോജകമണ്ഡലത്തിൽ അല്ലെങ്കിലും സമീപത്തുള്ള നഗരം പാലക്കാടാണ്. അതുകൊണ്ടു തന്നെ നമുക്കും ഒരുങ്ങണം. കൂടുതൽ യുവാക്കളെ വിദഗ്ധ ജോലിക്കായി പ്രാപ്തരാക്കും. നൈറ്റ് ലൈഫ് പോലെയുള്ള പദ്ധതികൾ ആലോചിക്കും. സ്മാർട്സിറ്റിയുടെ അനുബന്ധ വികസനത്തിന് പാലക്കാടിനെ ഒരുക്കും
പത്തനംതിട്ടക്കാരനാണെന്ന പ്രചാരണത്തിൽ വിഷമം തോന്നിയോ
∙ ഞാൻ പത്തനംതിട്ടക്കാരൻ ആണല്ലോ. ഈ പറയുന്ന സിപിഎമ്മിന്റെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ എ.വിജയരാഘവൻ ഏതു നാട്ടുകാരനാണ്. അവരുടെ സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ തൃശൂർ ജില്ലയിലെ തിരുവില്വാമലക്കാരനാണ്. എന്നെ എല്ലാ ദിവസവും രണ്ടു നേരം വിമർശിച്ചിരുന്ന എ.കെ.ബാലൻ കോഴിക്കോട് ജില്ലക്കാരനല്ലേ.