ചേർത്തു നിർത്തിയ പാലക്കാടിന് നന്ദി, കൈകൂപ്പി അമ്മ
Mail This Article
പാലക്കാട്∙ ‘‘എന്റെ മോനെ ചേർത്തു നിർത്തിയ പാലക്കാട്ടെ ജനങ്ങൾക്കു നന്ദി’ – കൈകൾ കൂപ്പി, നിറകണ്ണുകളോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന ആർ.കുറുപ്പ് പറഞ്ഞു. പാലക്കാട്ട് വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ മകൾ എം.ആർ.രജനിക്കൊപ്പമാണു ബീന തിരഞ്ഞെടുപ്പു വാർത്തകൾ കണ്ടത്. ‘‘പഠനത്തിനൊപ്പം മകൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നു.
എന്നാൽ, രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമായതിനാൽ തടഞ്ഞില്ല. മകൻ വളരുന്നതിനൊപ്പം സംഘടനാ പ്രവർത്തനവും വളർന്നുകൊണ്ടിരുന്നു. ‘പഠിക്ക് പഠിക്ക്’ എന്നു പറഞ്ഞു പിന്നാലെ നടക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോഴും അവൻ പഠിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നും കുത്തിയിരുന്നു പഠിക്കുന്ന രീതിയില്ല.
എന്നാൽ, എത്ര തിരക്കുണ്ടെങ്കിലും എല്ലാം പഠിച്ചിട്ടേ പരീക്ഷയ്ക്കു പോകൂ. നന്നായി വായിക്കും.’’ അടൂരിലെ വീട് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു സ്വന്തം വീടും ബീന അവരുടെ അമ്മയുമാണ്. രാഹുലിന്റെ വിജയം ആഘോഷിക്കാൻ പത്തനംതിട്ടയിൽ നിന്നുള്ള സുഹൃത്തുക്കളും പാലക്കാട്ടെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട്.
‘‘പൊലീസുകാർ ഈ കുഞ്ഞുങ്ങളെ തല്ലുന്നതു ടിവിയിലൂടെ കാണുമ്പോൾ നെഞ്ചു പിടയും. പൊലീസ് അടിച്ചപ്പോൾ വേദനിച്ചോ? ആർക്കെങ്കിലും കുഴപ്പമുണ്ടോ? എന്നൊക്കെ വിളിച്ച് അന്വേഷിക്കും. എത്ര അടി കൊണ്ടാലും ഒരു കുഴപ്പവുമില്ല എന്നു മാത്രമേ രാഹുൽ മറുപടി പറയാറുള്ളൂ. പൊലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തപ്പോഴും എന്നെ ഓർത്തു മാത്രമായിരുന്നു രാഹുലിനു സങ്കടം.സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത രംഗം ഇന്നും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല’’.
‘‘രാഹുലിന്റെ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചതാണ്. കരസേനാ ഓഫിസറായിരുന്നു അച്ഛൻ രാജേന്ദ്രക്കുറുപ്പ്. രാജ്യസ്നേഹവും ജനങ്ങളെ സേവിക്കാനുള്ള മനസ്സും അദ്ദേഹത്തിൽ നിന്നാകും ലഭിച്ചത്’’ – രാഹുലിന്റെ പിറന്നാളിനു പ്രവർത്തകരിൽ ആരോ വരച്ചുനൽകിയ കുടുംബചിത്രം നോക്കി ബീന പറഞ്ഞു. ‘‘അദ്ദേഹം വിട്ടുപോയിട്ട് 29 വർഷം കഴിഞ്ഞതു രണ്ടു ദിവസം മുൻപാണ്.
ഞങ്ങളുടെ കുടുംബഫോട്ടോ ഇല്ലായിരുന്നു. ഈ ചിത്രം കാണുമ്പോൾ അദ്ദേഹവും ഞങ്ങൾക്കൊപ്പമിരുന്നു വിജയത്തിൽ സന്തോഷിക്കുന്നതായിട്ടാണു തോന്നുന്നത്. അദ്ദേഹത്തിനു പാലക്കാട് ജില്ലയിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരിൽ നിന്നാണു പാലക്കാടിനെക്കുറിച്ച് അറിഞ്ഞത്. രാഹുലിന് സീറ്റ് കിട്ടിയപ്പോഴാണ് ആദ്യമായി പാലക്കാട് എത്തുന്നത്. കേട്ടറിവു മാത്രമുള്ള കൽപാത്തിയിൽ പോകാൻ കഴിഞ്ഞു. ഇനി പാലക്കാട്ടുകാരനായി രാഹുൽ എല്ലാവർക്കും ഒപ്പമുണ്ടാകും’’ – ബീന പറഞ്ഞു.
കൊട്ടാരക്കര എൽഐസിയിൽ നിന്നു വിരമിച്ച ബീനയുടെ ഫോൺ ഓരോ മിനിറ്റിലും ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. രാഹുൽ ലീഡ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ പത്തനംതിട്ടയിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചുകൊണ്ടിരിക്കുകയാണ്. രാഹുലും കുടുംബവും സ്ഥലത്തില്ലെങ്കിലും അടൂരിലെ വീട്ടിലെത്തി പ്രവർത്തകരും ബന്ധുക്കളും ആഹ്ലാദം പങ്കുവച്ചു.