കോൺഗ്രസിൽ പാദസേവ രാഷ്ട്രീയം; ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ല: പി.സരിൻ
Mail This Article
പാലക്കാട് ∙ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ. തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമ്പോൾ സീറ്റ് അത്ര പ്രധാന കാര്യമല്ല.
മൂന്നര വർഷത്തിനിടെ രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടു. സ്ഥാനാർഥിമോഹിയെന്ന ആരോപണവും നേരിട്ടു. മനുഷ്യർക്കൊപ്പം പ്രവർത്തിക്കാൻ ഇടതിൽ ഫോറങ്ങൾ ഏറെയുള്ളതിനാൽ അതിലാണു താൽപര്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അടുത്ത ദിവസം കാണും – സരിൻ മനോരമയോടു പറഞ്ഞു.
പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റും. പാലക്കാട് നഗരസഭയിലും കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലും ഇടതു സ്വാധീനം കൂട്ടാനുള്ള പ്രവർത്തനം നടത്താനാണ് ആഗ്രഹം. കോൺഗ്രസിൽ നിന്നു ചെറിയ തോതിൽ വോട്ടു കിട്ടിയിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ടവരിൽ പലരെയും തിരിച്ചെടുത്തെങ്കിലും കുറെ പേർ കോൺഗ്രസിനു വോട്ട് ചെയ്തില്ല.
പരാജയപ്പെടാനുള്ള ആളെ മത്സരത്തിനിറക്കി, ബിജെപി കോൺഗ്രസിനെ സഹായിച്ചു. സ്ഥിരം സ്ഥാനാർഥിയായ സി.കൃഷ്ണകുമാറിനെ തോൽപിച്ച് വരുന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ വിലക്കാൻ ബിജെപി തീരുമാനിച്ചു. ബിജെപി നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ കോൺഗ്രസിനു വോട്ട് ചെയ്തതായി സരിൻ ആരോപിച്ചു. ‘സിജെപി’ എന്നു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണലക്ഷ്യം ഷാഫി പറമ്പിലിന്റെ തന്ത്രമാണ്. സിപിഎമ്മിന് ഒരു വോട്ടും കുറഞ്ഞിട്ടില്ല.
ബിജെപിയുടെ വോട്ട് കിട്ടിയതു കോൺഗ്രസിനാണ്. പിന്നെ എന്തു ‘സിജെപി’യാണ് ഉണ്ടായതെന്നു ഷാഫി പറമ്പിൽ വ്യക്തമാക്കണം. എസ്ഡിപിഐ ഒരു ഘടകകക്ഷിയല്ലെങ്കിലും അതിനപ്പുറമുള്ള പ്രാധാന്യമാണ് കോൺഗ്രസ് അവർക്കു നൽകുന്നത്. തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനത്തിൽ അതാണു കണ്ടത്. കോൺഗ്രസിൽ പാദസേവ രാഷ്ട്രീയമാണ്. ഉത്തരവാദിത്ത ബോധം ഇല്ലായ്മ ആസ്വദിക്കുന്നവരുടെ കേന്ദ്രമാണ് കോൺഗ്രസ് എന്നും സരിൻ വിമർശിച്ചു.