കാട്ടാനയുടെ മുന്നിൽപെട്ട് ബൈക്ക് മറിഞ്ഞു; യുവതിക്കു പരുക്ക്
Mail This Article
നെന്മാറ ∙ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് നെല്ലിയാമ്പതി റോഡിൽ കാട്ടാനയുടെ മുന്നിൽപെട്ട് മറിഞ്ഞ് യുവതിക്കു പരുക്കേറ്റു. കോട്ടയം സ്വദേശിനിയായ 22 വയസ്സുകാരിയും വടക്കഞ്ചേരി സ്വദേശിയായ 27 വയസ്സുകാരനും ഇന്നലെ രാവിലെ 11.30നാണു നെല്ലിയാമ്പതിയിലേക്കു പോയത്. ഇവർ ഉച്ചയ്ക്ക് 2.30നു തിരികെവരുമ്പോൾ മരപ്പാലത്തിനു തൊട്ടു താഴെയാണ് ആനയുടെ മുന്നിൽപെട്ടത്.
പതിവായി കാണാറുള്ള കാട്ടാനയും കുട്ടിയും ഇവിടെ റോഡിലുണ്ടായിരുന്നു. ആനകളുടെ മുന്നിൽപെട്ടതോടെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ആനയുടെ കുത്തേറ്റു പരുക്കേറ്റെന്നാണു സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഉടൻ സ്ഥലത്തെത്തിയ വനപാലകർ പിടിയാനയും കുട്ടിയും സമീപത്തു നിൽക്കുന്നതാണു കണ്ടത്. ദൃക്സാക്ഷികളിൽ നിന്നു വിവരങ്ങൾ വ്യക്തമായതായി പോത്തുണ്ടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സുധീഷ്കുമാർ പറഞ്ഞു.
ആനയുടെ മുന്നിൽപെട്ടതോടെ പെട്ടെന്നു ബൈക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ ഓഫായി മറിഞ്ഞു. ആനകൾ തൊട്ടു മുന്നിലായതിനാൽ ബൈക്ക് ഉയർത്താൻ സമയം ലഭിച്ചില്ല. ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ യുവതി നിലത്തുവീണു. ഈ സമയം കടന്നുവന്ന പിടിയാന യുവതിയെ തട്ടിമാറ്റിയതായി ദൃക്സാക്ഷികൾ പറയുന്നു. ഇതുവഴി വന്ന യാത്രക്കാർ പരുക്കേറ്റ യുവതിയെ ആദ്യം നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
പിന്നീട് പ്രാഥമിക ചികിത്സകൾക്കു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. യുവതിയുടെ ഇടതുകാലിലെ പേശിയിലാണു സാരമായ പരുക്ക്. സംഭവം അറിഞ്ഞ ഉടൻ നെല്ലിയാമ്പതി റേഞ്ച് ഓഫിസർ ഷെറീഫ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയചന്ദ്രൻ, പോത്തുണ്ടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തി. പോത്തുണ്ടി ഫോറസ്റ്റ് ചെക് പോസ്റ്റിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ചു മുന്നറിയിപ്പു നൽകാറുണ്ടെന്നും പലരും ഇതു പാലിക്കാത്തതിനാലാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.