ADVERTISEMENT

കഞ്ചിക്കോട് ∙ ഒടുവിൽ കഞ്ചിക്കോട് പഴയ റോഡിലെ ‘പഞ്ചർ പ്രശ്നം’ പരിഹരിക്കാൻ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നേരിട്ടിറങ്ങി. ഇവരുടെ ശ്രമഫലമായി റോഡിൽ നിന്നു നീക്കം ചെയ്തത് 20 കിലോയിലേറെ ഇരുമ്പുരുക്ക് സാമഗ്രികൾ. കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് വ്യവസായ മേഖല ഉൾപ്പെടുന്ന ആശുപത്രി ജംക്‌ഷൻ, സത്രപ്പടി എന്നിവിടങ്ങളിലെ റോഡിൽ നിന്നാണ് തുരുമ്പെടുത്തത് ഉൾപ്പെടെയുള്ള ഇരുമ്പു സാമഗ്രികൾ നീക്കം ചെയ്തത്.

ഇരുമ്പുരുക്ക് കമ്പനികളിലേക്കു ആക്രി സാധനങ്ങൾ കൊണ്ടുപോവുന്ന വാഹനങ്ങളി‍ൽ നിന്നു റോഡിൽ വീണതാണിത്. ഇതു വഴി പോവുന്ന മറ്റു യാത്രാ വാഹനങ്ങൾ സ്ഥിരമായി പഞ്ചറായി തുടങ്ങിയപ്പോഴാണ് നാട്ടുകാരും വിഷയം ശ്രദ്ധിക്കുന്നത്. റോഡിൽ നിറഞ്ഞ ആണികൾ ഉൾപ്പെടെയാണ് വാഹനങ്ങൾ പഞ്ചറാകാൻ കാരണം.

നാട്ടുകാരുടെ അഭ്യർഥന മാനിച്ച് സിവിൽ ഡിഫൻസ് അംഗം സന്തോഷ് കഞ്ചിക്കോടാണ് അഗ്നിരക്ഷാസേനയുടെ ശ്രദ്ധയിൽ വിവരമെത്തിച്ച് റോഡിൽ ഇത്തരമൊരു വേറിട്ട ശുചീകരണ പ്രവർത്തനത്തിനു വഴിയൊരുക്കിയത്. ഇന്നലെ രാവിലെ ആരംഭിച്ച ശുചീകരണ യ‍ജ്ഞം വൈകിട്ടോടെയാണ് സമാപിച്ചത്. കാന്തവും മറ്റും ഉപയോഗിച്ചാണ് ഇരുമ്പു സാമഗ്രികൾ റോഡിൽ നിന്നു ശേഖരിച്ചത്.

ഇരുപതോളം സിവിൽ ഡിഫൻസ് അംഗങ്ങൾ ഇതിന്റെ ഭാഗമായി. പഞ്ചായത്ത് മെംബർ എം.സുഭാഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. കഞ്ചിക്കോട് അസി.സ്റ്റേഷൻ ഓഫിസർ ജയ്സൺ.പി.ജോൺ അധ്യക്ഷനായി. കോഓഡിനേറ്റർമാരായ കെ.സതീഷ്, കെ.മനോജ്, സേനാംഗങ്ങളായ കെ.ജെ.അതുൽ പ്രസാദ്, എസ്.ജിതിൻ എന്നിവർ നേതൃത്വം നൽകി.

English Summary:

The old Kanjikode road, notorious for causing punctures due to scattered iron scrap, received a much-needed cleanup thanks to the combined efforts of the Fire and Rescue Services, Civil Defense personnel, and concerned locals. This community-driven initiative removed over 20kg of hazardous material, improving road safety and bringing relief to motorists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com