മംഗലംഡാം കനാൽ തുറന്നിട്ടും വെള്ളമില്ലാതെ വാലറ്റ പ്രദേശം
Mail This Article
വടക്കഞ്ചേരി∙ രണ്ടാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടത് കനാലിലേക്കു വെള്ളം തുറന്നുവിട്ടെങ്കിലും വാലറ്റ പ്രദേശങ്ങളിൽ ഇനിയും വെള്ളം എത്തിയിട്ടില്ല. ഈ മാസം 14നാണ് മംഗലംഡാം തുറന്നത്. കിഴക്കഞ്ചേരി, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളിലെ കൃഷിക്കായി മംഗലംഡാം വെള്ളം പ്രയോജനപ്പെടുത്തുന്നുണ്ട്. പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂർ, കരിയംപാടം പാടശേഖരങ്ങളിലും കാവശ്ശേരി തേക്കുംപാടത്തും വെള്ളമെത്തിയിട്ടില്ല. പാടൂർ വരെ വെള്ളം എത്തിയെങ്കിലും ചുങ്കത്ത് വെള്ളം പാഴായിപ്പോകുന്നതായി കർഷകർ പറഞ്ഞു.
ഈ ഭാഗത്ത് കനാലുകളും ഉപകനാലുകളും വൃത്തിയാക്കാത്തതാണ് കാരണം. മംഗലംഡാം വെള്ളം ഉപയോഗിച്ച് 3600 ഹെക്ടർ സ്ഥലത്തെ കൃഷി നടത്തുന്നുവെന്നാണ് കണക്ക്. എന്നാൽ പല ഭാഗത്തും കൃഷി തന്നെ ഇല്ലാതായി. ഞാറ്റടി തയാറാക്കാൻ വെള്ളം കിട്ടിയില്ലെന്ന് തേക്കുംപാടത്തെ കർഷകർ പറഞ്ഞു. ചിലയിടങ്ങളിൽ കൂടുതൽ വെള്ളം എത്തുന്നതും നടീലിനു തടമാണ്. അതിനാൽ തന്നെ കനാൽ കവിഞ്ഞ് പോകാത്ത രീതിയിലാണ് വെള്ളം വിടുന്നത്.
മംഗലംഡാം വലതുകര കനാലിന്റെ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, ചുങ്കം, പാടൂർ ഭാഗങ്ങളിൽ കനാൽ വെള്ളം എത്തിയതിനാൽ കൃഷിപ്പണികൾ സജീവമായി. ഇടതുകര കനാലിന്റെ ചെറുകുന്നം, വക്കാല, മൂലങ്കോട്, കിഴക്കഞ്ചേരി, ചെറാംപാടം, വടക്കഞ്ചേരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട് ഭാഗങ്ങളിൽ വെള്ളം എത്തിയത് കർഷകർക്ക് ആശ്വാസമായി. അതേസമയം സബ് കനാലുകളുടെയും കാഡ കനാലുകളിലെയും തകർന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും പലയിടത്തും നന്നാക്കാത്തത് വെള്ളം പാഴായി പോകാൻ ഇടയാക്കുന്നതായി കർഷകർ പറഞ്ഞു. മംഗലംഡാമിൽ 70 ദിവസത്തേക്കുള്ള വെള്ളമാണ് ഉള്ളത്.