ഇരുമ്പകശ്ശേരിയിൽ നെൽപാടം മണ്ണിട്ടുനികത്തി കമ്പിവേലികെട്ടി
Mail This Article
കൂറ്റനാട് ∙ തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡ് ഇരുമ്പകശ്ശേരിയിൽ വൻതോതിൽ നെൽക്കൃഷിയിറക്കുന്ന പാടം സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തി കമ്പിവേലി കെട്ടിയ സംഭവം വിവാദമാകുന്നു. ഇരുമ്പകശ്ശേരി അമാന ഓഡിറ്റോറിയത്തിനു പിൻവശത്ത് ഓഡിറ്റോറിയത്തോട് ചേർന്നുകിടക്കുന്ന പാടമാണ് ലോഡു കണക്കിനു മണ്ണിട്ടുനികത്തി കമ്പിവേലി കെട്ടിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചു മേഖലയിലെ കർഷകർ എഴുമങ്ങാട് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ തിരുമിറ്റക്കോട് വില്ലേജ് ഒന്ന്, പട്ടാമ്പി തഹസിൽദാർ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്, തിരുമിറ്റക്കോട് കൃഷിഭവൻ എന്നിവിടങ്ങളിൽ പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ്.
ഈ ഭാഗം 6 മാസം മുൻപ് മണ്ണിട്ടുനികത്താൻ തുടങ്ങിയതോടെ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ സംഭവസ്ഥലം വന്നു നോക്കിയതല്ലാതെ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു പാടശേഖരസമിതി സെക്രട്ടറി കെ.സുരേഷ് പറഞ്ഞു. ഇതേതുടർന്നാണു കഴിഞ്ഞ മാസം കമ്പിവേലികൂടി കെട്ടിയതെന്നു പാടശേഖരസമിതി പ്രസിഡന്റ് ബാവയും പറഞ്ഞു. ഇപ്പോൾ പലയിടത്തും പരാതി നൽകിയിട്ട് ഒരു മാസത്തിലേറെയായിട്ടും അതിലും നടപടിയില്ലെന്നും കർഷകനും പാടശേഖരസമിതി പ്രസിഡന്റുമായ ബാവ കുറ്റപ്പെടുത്തി.
ഇവിടെ എല്ലാ വർഷവും കൃഷിയിറക്കുന്ന പാടമായതിനാൽ നിരവധി കർഷകർ ദുരിതമനുഭവിക്കുകയാണെന്നു കർഷകർ പരാതിയിൽ പറയുന്നു. പലയിടങ്ങളിലും പരാതിയുമായി നിരന്തരം ചെന്നിട്ടും പരിഗണിക്കുക പോലും ചെയ്തില്ലെന്നും കർഷകർ പറയുന്നു. മണ്ണും കമ്പിവേലിയും നീക്കം ചെയ്യാൻ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം.ബി.രാജേഷിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പാടശേഖരസമിതി ഭാരവാഹികളും കർഷകരും പറഞ്ഞു.