അമൃത് ശുദ്ധജല വിതരണ പദ്ധതി: ജല അതോറിറ്റിക്കെതിരെ ആരോപണവുമായി നഗരസഭ
Mail This Article
പാലക്കാട് ∙ നഗരത്തിൽ 110 കോടി രൂപ ചെലവിൽ നടപ്പാക്കിയ അമൃത് ശുദ്ധജല വിതരണ പദ്ധതിയിൽ ജല അതോറിറ്റിക്കെതിരെ അഴിമതി ആരോപണങ്ങളുമായി നഗരസഭ. റോഡിന്റെ ഉപരിതലത്തിൽ നിന്ന് 60 സെന്റീമീറ്റർ താഴ്ചയിലാണ് പൈപ്പിടേണ്ടതെങ്കിലും ജല അതോറിറ്റി 30–35 സെന്റീമീറ്ററിലാണ് പൈപ്പിട്ടിട്ടുള്ളതെന്നും റോഡ് റോളറും ഭാരവാഹനങ്ങളും പോകുമ്പോൾ പൈപ്പ് പൊട്ടാൻ ഇത് ഇടയാക്കുന്നതായും നഗരസഭ എൻജിനീയറിങ് വിഭാഗം കൗൺസിൽ യോഗത്തെ അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് കണക്‌ഷൻ നൽകാൻ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത് പൊട്ടിയാൽ വീട്ടുകാരിൽ നിന്ന് 3500 രൂപ തോതിൽ ഈടാക്കുന്നതായും അംഗങ്ങൾ പരാതിപ്പെട്ടു.
പദ്ധതിയിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിരിക്കാമെന്ന് ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് തയാറാക്കി സർക്കാരിനും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും കത്തു നൽകാൻ യോഗം നിർദേശിച്ചു. ജല അതോറിറ്റി പൈപ്പിടാനും ചോർച്ച പരിഹരിക്കാനുമായി വെട്ടിപ്പൊളിച്ച റോഡുകൾ അപകടക്കുഴികളായി കിടക്കുകയാണെന്നും നടപടി വേണമെന്നും ആവശ്യമുയർന്നു.
∙ കോട്ടമൈതാനത്ത് കിയോസ്ക്കുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതും തർക്കത്തിനിടയാക്കി. പരിസരത്തെ വൈദ്യുതി വിളക്കുകളുടെ പരിപാലനം ഉൾപ്പെടെയുള്ള ചെലവുകൾക്കായി കൗൺസിൽ അനുമതിയോടെ ടെൻഡർ വിളിച്ചാണ് കിയോസ്ക്കിന് അനുമതി നൽകിയതെന്ന് ഉപാധ്യക്ഷൻ വിശദീകരിച്ചു. കിയോസ്ക് മൈതാനത്തിന്റെ സൗന്ദര്യത്തെ ബാധിക്കുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
∙ ജൈനിമേട് വാതക ശ്മശാനം തകരാറുകൾ പരിഹരിച്ച് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന വി.നടേശന്റെ ആവശ്യത്തിൽ അടിയന്തര നടപടിക്കു നിർദേശിച്ചു.
∙ നഗരത്തിലെ ഹൈ, മിനി മാസ്റ്റ് ലാംപുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും.
യൂസർ ഫീ: മന്ത്രിയെ കാണും
∙ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഹരിതകർമ സേനാ സേവനത്തിന് ഫീസ് ഈടാക്കുന്നതിലുള്ള പരാതികൾക്കു പരിഹാരം തേടി നഗരസഭ പ്രതിനിധികൾ മന്ത്രി എം.ബി.രാജേഷിനെ കാണും. തീരെ മാലിന്യം ഇല്ലാത്ത കടകളെ നിർബന്ധിത യൂസർ ഫീസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടും. ഫീസ് ഇനത്തിലുള്ള മുൻകാല കുടിശികയും പിഴയും ഈടാക്കണമെന്ന സർക്കാർ നിർദേശം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൗൺസിലർ സെയ്ദ് മീരാൻ ബാബുവാണ് ഇക്കാര്യം ഉന്നയിച്ചത്.