റോപ്വേയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി മോക് ഡ്രിൽ
Mail This Article
പാലക്കാട് ∙ മലമ്പുഴയിലെ റോപ്‍വേയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളായ രണ്ടു പേരെ പൊടുന്നനെ അവിടെയെത്തിയ അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത പ്രതികരണ സേനയും ഉൾപ്പെടെ രക്ഷപ്പെടുത്തുന്നത് കണ്ട് മറ്റുള്ള വിനോദസഞ്ചാരികൾ പകച്ചുനിന്നു. പിന്നീടാണ് കാര്യം പിടികിട്ടിയത്. ദുരന്ത സാഹചര്യത്തിൽ ദ്രുതഗതിയിൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന മോക് ഡ്രിൽ ആണെന്ന്. റോപ്‌വേയിൽ കുടുങ്ങന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ് മോക് ഡ്രില്ലിൽ ഒരുക്കിയത്.
അപകടം സംഭവിച്ച ഉടൻ തന്നെ റോപ്‌വേ അധികൃതർ പാലക്കാട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാസേന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ വിവരം അറിയിക്കുകയും ചെയ്തു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർക്കും പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് യുവാക്കളെ താഴെയിറക്കാനുള്ള പ്രവർത്തനം ശ്രമകരമാകുന്ന സാഹചര്യത്തിൽ എൻഡിആർഎഫിനെ വിവരമറിയിക്കുകയും അവർ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന രൂപത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), പൊലീസ്, അഗ്നിരക്ഷാ സേന തുടങ്ങിയ സേനാ വിഭാഗങ്ങൾ, ആരോഗ്യം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലാം ബറ്റാലിയൻ (ആർക്കോണം) സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. രക്ഷാപ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ നൽകാൻ സിവിൽ സ്റ്റേഷനിലെ പഴയ പിഎസ്‌സി ഓഫിസിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററും സജ്ജീകരിച്ചിരുന്നു.