ജാതിയില്ല, കിടപ്പാടമില്ല, സഹായിക്കാൻ ആളുമില്ല; സർക്കാർ സഹായവും നാടോടികൾക്ക് അകലെ
Mail This Article
മുതലമട ∙ ജാതിയില്ല... കിടപ്പാടമില്ല... സർക്കാരിന്റെ അതിദരിദ്ര വിഭാഗത്തിൽ പേരുമില്ല... നാടോടികൾ എന്നു സമൂഹം വിളിക്കുന്നവർക്ക് ആധാർകാർഡ്, റേഷൻകാർഡ്, വോട്ടർ ഐഡി... എല്ലാമുണ്ടെങ്കിലും സർക്കാർ സഹായം പലപ്പോഴും അകലെയാണ്. തൃശൂർ ജില്ലയിലെ നാട്ടികയിൽ റോഡരികിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ ലോറി കയറി, മുതലമട മീങ്കര ചെമ്മണംതോട്ടുകാരായഅഞ്ചു പേരാണു മരിച്ചത്. മരിച്ച കാളിയപ്പന്റെ സഹോദരൻ പാണ്ഡ്യന്റെ ഭാര്യ ജി.ഈശ്വരി ജനസേവ ശിശുഭവനിൽ താമസിച്ച് എറണാകുളത്തെ എൽഎംസി കോൺവന്റ് ഹൈസ്കൂളിൽ നിന്ന് 2016 മാർച്ചിൽ എസ്എസ്എൽസി വിജയിച്ചതാണ്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മതവും ജാതിയും എഴുതേണ്ടിടത്തു ഹിന്ദു ‘നോ കാസ്റ്റ്’ എന്നാണുള്ളത്. ഇത് ഈശ്വരിയുടെ മാത്രം പ്രശ്നമല്ല. ചെമ്മണംതോടിൽ പുറമ്പോക്കിലെ ഷീറ്റ് മേഞ്ഞ 6 കൂരകളിലായി താമസിക്കുന്ന അൻപതോളം വരുന്ന നാടോടി കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ്. വ്യക്തമായ ജാതി പറയാൻ അവർക്കു പലപ്പോഴും കഴിയാറില്ല. എസ്ടി വിഭാഗത്തിൽപെട്ടവരാണ്. തങ്ങളെന്ന് അവകാശപ്പെട്ട് അതിന്റെ ആനുകൂല്യങ്ങൾക്കായി പലരെയും കണ്ടെങ്കിലും ഒന്നും നടന്നില്ലെന്നു കാളിയപ്പന്റെ മറ്റൊരു സഹോദരൻ മുത്തു പറയുന്നു.
അയിലൂരിലെ സ്കൂൾ വിദ്യാർഥികളായ 7 പേരും മലമ്പുഴ ആനക്കല്ലിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 3 വിദ്യാർഥികളും ഈ നാടോടി സംഘത്തിലുണ്ട്. എന്നാൽ ഇവരുടെ സ്കൂൾ രേഖകളിൽ ജാതിയേതെന്നു വ്യക്തമായി പറയാത്തതിനാൽ ഇവരും സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അകലെയാണ്. അച്ഛന്റെ ജാതിയേത്, അമ്മയുടെ ജാതിയേത് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നു പറയുന്നുവെന്നു മുത്തുവിന്റെയും ലക്ഷ്മിയുടെയും മകളും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ ദുർഗ പറയുന്നു. ഈ പ്രശ്നത്തിനു പരിഹാരം കാണേണ്ട സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ഇവർക്ക് അന്യമാണ്.
ഇവർക്കു സ്ഥലവും വീടും ലഭിക്കണമെങ്കിലും രേഖകൾ കൃത്യമാകണമെന്നാണു സർക്കാരിന്റെ പക്ഷം. ദിവസേന കണ്ടെത്തുന്ന വരുമാനത്തിൽ കുട്ടികളെ വളർത്താനും പഠിപ്പിക്കാനും ബുദ്ധിമുട്ടുകയാണ് ഇവർ. ഇവർക്കു താങ്ങാകാൻ വകുപ്പുകളും ജില്ലാ ഭരണകൂടവും ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.