ADVERTISEMENT

കുഴൽമന്ദം ∙ യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണനൂർ കാട്ടിരംകാട് സി.പ്രസാദിനാണ് (47) പാലക്കാട് മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജ് (എഫ്ടിസി ഒന്ന്) കെ.പി.തങ്കച്ചൻ ശിക്ഷ വിധിച്ചത്. കണ്ണനൂർ കാട്ടിരംകാട്  വേലുണ്ണിയുടെ മകൻ ശിവദാസിനെ(32) കൊലപ്പെടുത്തിയ കേസിലാണ് വിധി.2013 ജൂൺ മൂന്നിന് ഉച്ചയ്ക്ക് മൂന്നിനും നാലിനുമിടയ്ക്കാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ പൂജ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കവും അതിർത്തി തർക്കവും, ഈ കേസിലെ ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പരാതിപ്പെട്ടതിലുള്ള മുൻവിരോധവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മോട്ടർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ശിവദാസിനെ പുല്ലുപ്പാറയിൽ വച്ചു പ്രതികൾ ഇടിച്ചു വീഴ്ത്തി വാളുകൊണ്ട് തലയ്ക്കും കഴുത്തിനും കയ്യിലും വാരിഭാഗത്തും വയറിലും കാലിലും വെട്ടിയും കുത്തിയും 56 മാരകമായ പരുക്കേൽപിച്ചു  കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.

 പ്രതികളെ സംഭവത്തിനു ശേഷം രക്ഷപ്പെടുത്തുന്നതിനും ഒളിവിൽ പാർപ്പിക്കുന്നതിനും സഹായിച്ച  മൂന്നു മുതൽ ഏഴുവരെയുള്ള അഞ്ചു പ്രതികളെ  കോടതി തെളിവുകളുടെ അഭാവത്തിൽ  വിട്ടയച്ചു.    കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കണ്ണനൂർ കാട്ടിരംകാട് ആർ.പ്രകാശൻ(39) ഈ കേസിൽ കസ്റ്റഡിയിലിരിക്കെ പാലക്കാട് സബ് ജയിലിൽ നിന്നും കോടതിയിലേക്കു പൊലീസ് അകമ്പടിയിൽ കൊണ്ടു പോകവെ ടിപ്പുസുൽത്താൻ കോട്ടയ്ക്കു സമീപം ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തിയിരുന്നു. 

അന്നത്തെ കുഴൽമന്ദം ഇൻസ്പെക്ടറും നിലവിലെ പാലക്കാട് അഡീഷനൽ എസ്പിയുമായ പി.സി.ഹരിദാസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ കെ.രാമദാസ്, വി.കിട്ടു, സുരേന്ദ്രൻ, ഹരിദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രോസിക്യുഷനുവേണ്ടി മുൻ അഡി. പ്രോസിക്യൂട്ടർ ആനന്ദ്, നിലവിലെ പ്രോസിക്യൂട്ടർ എസ്.സിദ്ധാർഥൻ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 107 രേഖകൾ രേഖപ്പെടുത്തി 44 സാക്ഷികളെ വിസ്തരിച്ചു.  എസ് സിപിഒമാരായ സുഭാഷ്, ഷിബു എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.

English Summary:

In a significant verdict, a Palakkad court sentenced C.Prasad to life imprisonment for the brutal murder of Sivadas in 2013. The murder, fueled by a long-standing feud over temple affairs and personal grievances, sent shockwaves through the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com