നാട്ടിക ദുരന്തത്തിന്റെ ആവർത്തനം; ലോറിക്കടിയിൽപെട്ട് യുവതി മരിച്ചു
Mail This Article
ചിറ്റൂർ ∙ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിനു മുകളിലേക്കു ലോറി മറിഞ്ഞു യുവതി മരിച്ചു, 3 പേർക്കു പരുക്കേറ്റു. നാട്ടികയിൽ നാടോടിസംഘത്തിനിടയിലേക്കു ലോറി പാഞ്ഞുകയറി കൊല്ലങ്കോട് സ്വദേശികളായ 5 പേർ മരിച്ച സംഭവത്തിന്റെ വേദന മാറും മുൻപേയാണ് ഇന്നലെ പുലർച്ചെ ചിറ്റൂർ ആലാംകടവിൽ ദുരന്തമുണ്ടായത്. ലോറി ഡ്രൈവർ കുമരനെല്ലൂർ സ്വദേശി സി.അജിത്തിനെ (32) അറസ്റ്റ് ചെയ്തു. മൈസൂരു ഹുൻസൂർ ഹനഗൊഡു ഹൊബളി പാർവതിയാണു (40) മരിച്ചത്. പുലർച്ചെ 3 മണിയോടെ ആലാംകടവ് ബസ്റ്റോപ്പിലായിരുന്നു ദുരന്തം. മൈസൂരുവിൽ നിന്നു 4 ദിവസം മുൻപാണ് പാർവതി ഉൾപ്പെടുന്ന നാടോടി സംഘം ചിറ്റൂരിലെത്തിയത്. പുഴയിൽ നിന്നു മീൻപിടിച്ചു വിറ്റും ആലാംകടവിലെ വിവിധയിടങ്ങളിൽ റോഡരികിലായി ഭക്ഷണം പാകം ചെയ്തു കഴിച്ചും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുന്നവരാണ് ഇവർ. പഴനിയിൽ നിന്ന് എടപ്പാളിലേക്ക് ഇറച്ചിക്കോഴിയുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്.
അമിതവേഗത്തിൽ വന്ന ലോറി വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു ചെരിഞ്ഞ്, റോഡരികിലെ 3 മരങ്ങളിൽ തട്ടി കാത്തിരിപ്പു കേന്ദ്രത്തിനു മുകളിലേക്കു മറിയുകയായിരുന്നു. പാർവതിയുടെ നെഞ്ചിനു താഴേക്കുള്ള ഭാഗം ലോറിക്കടിയിൽപെട്ടു. ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്ന് ഇരുമ്പ് ഷീറ്റുകൊണ്ടു നിർമിച്ച വസ്ത്രവിൽപന കേന്ദ്രവും പൂർണമായും തകർന്നു. പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു ക്രെയിൻ എത്തിച്ചു ലോറി ഉയർത്തി മാറ്റിയാണു പാർവതിയെ പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാർവതി തറയിലും മറ്റു മൂന്നു പേർ ഇരിപ്പിടങ്ങളിലുമാണു കിടന്നിരുന്നത്. മാസങ്ങൾക്കു മുൻപു ചിറ്റൂർ പുഴയിലെ ഒഴുക്കിൽ നിന്ന് അഗ്നിരക്ഷാസേന രക്ഷിച്ച നാലംഗ സംഘത്തിന്റെ ബന്ധുക്കളാണ് ഇന്നലെ അപകടത്തിൽപെട്ടവർ എന്നാണു വിവരം.
ആലാംകടവ് വളവ് പതിവ് അപകടസ്ഥലം
ഇന്നലെ പുലർച്ചെ അപകടമുണ്ടായ ആലാംകടവ് വളവ് പതിവ് അപകടസ്ഥലമാണെന്നു നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്കു മുൻപും സമാനമായ രീതിയിൽ ലോറി അപകടത്തിൽപെട്ടിരുന്നു.അന്ന് ലോറിയിൽ നിന്നു പെട്ടി വേർപെട്ടു തെറിച്ചെങ്കിലും ലോറി മറിയാതെ രക്ഷപ്പെട്ടു. കള്ളു കയറ്റി വരുന്ന പിക്കപ് വാനുകളും ചെറുതും വലുതുമായ മറ്റു വാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവാണ്.തെരുവു വിളക്കുകളോ, മുന്നറിയിപ്പ് ബോർഡുകളോ ഇവിടെയില്ലെന്നും നാട്ടുകാർ ആരോപിച്ചു.