ഡിസംബർ ആദ്യവാരം ജലവിതരണം; കനാൽ നവീകരണം ദ്രുതഗതിയിൽ
Mail This Article
കാഞ്ഞിരപ്പുഴ ∙ അണക്കെട്ടിൽ നിന്നു ഡിസംബർ ആദ്യവാരം ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി കനാൽ നവീകരണത്തിനു വേഗം കൂട്ടി അധികൃതർ. തെങ്കര വലതു കര കനാലിന്റെ നവീകരണമാണു നടന്നു കൊണ്ടിരിക്കുന്നത്. കനാലിൽ മണ്ണുമാന്തി യന്ത്രം ഇറക്കി ചെളിയും കാടുകളും മറ്റും നീക്കം ചെയ്യുന്നത്. വർമംകോട് മുതൽ 9.36 കിലോമീറ്റർ ദൈർഘ്യമുള്ളതാണു വലതുകര കനാൽ. നവീകരണ പ്രവൃത്തികൾ കാഞ്ഞിരം കഴിഞ്ഞു. കൂടാതെ ഉപ കനാലുകളുടെ പ്രവൃത്തികളും നടക്കുന്നുണ്ട്. നിലവിൽ കനാൽ നിറയെ ചെടികളും മണ്ണും ചെളിയും അടിഞ്ഞു കൂടി കിടക്കുകയാണു. ഇതോടെ അണക്കെട്ടിൽ നിന്നു വെള്ളം തുറന്നു വിട്ടാലും വാലറ്റ പ്രദേശങ്ങളിലേക്കു വെള്ളം എത്തുന്നതിൽ കാലതാമസം വരും. മിക്കപ്പോഴും ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.
നവീകരണം നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമാകുന്നില്ല എന്നാരോപണം കർഷകർ ഉന്നയിക്കുന്നുണ്ട്. പ്രവൃത്തികൾ കഴിഞ്ഞ സ്ഥലങ്ങളിലെ ചെളി പൂർണമായും നീക്കം ചെയ്തിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ലക്ഷങ്ങൾ മുടക്കി നടത്തുന്ന പ്രവൃത്തികൾ കാര്യക്ഷമമാക്കണം. മുൻപു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നവീകരിച്ചിരുന്നെങ്കിലും ആവർത്തന ജോലി ആയതിനാൽ നിർത്തുകയായിരുന്നു. അണക്കെട്ടിൽ നിന്ന് ജലവിതരണം ആരംഭിക്കുന്നതിനു മുൻപു നവീകരണം പൂർത്തിയാക്കണമെന്നാണു കർഷകരുടെ പ്രധാന ആവശ്യം. ഡിസംബർ മൂന്നിനകം കനാൽ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതരും.