ADVERTISEMENT

പാലക്കാട് ∙ കാറിൽ 142 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 30 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നാം പ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൽ ഖയ്യൂം (39), രണ്ടാംപ്രതി കൽപറ്റ സ്വദേശി മുഹമ്മദ് ഷിനാസ് (28), മൂന്നാംപ്രതി  മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ (34) എന്നിവർക്കാണു പാലക്കാട് സെക്കൻഡ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡ് 30 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവും അനുഭവിക്കണം. 2021 ജൂലൈ 28നാണു കേസിനാസ്പദമായ സംഭവം. ആലത്തൂർ സ്വാതി ജംക്‌ഷനിൽ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽ യാത്രചെയ്യുകയായിരുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ 142.2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ആലത്തൂർ സ്റ്റേഷനിലെ എസ്ഐമാരായ ജിഷ്മോൻ വർഗീസ്, പ്രശാന്ത്, സിപിഒമാരായ ജയൻ, സ്മിതേഷ്, ബ്ലെസൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. കേസിൽ ആദ്യം അന്വേഷണം നടത്തിയത് ആലത്തൂർ  ഇൻസ്പെക്ടർ എ.രമേശ്, എസ്ഐ ആയിരുന്ന ഗിരീഷ് എന്നിവരാണ്. തുടരന്വേഷണം നടത്തി മൂന്നാം പ്രതിയെ അറസ്‌റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ്. പ്രോസിക്യൂഷനു വേണ്ടി മുൻ അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 45 സാക്ഷികളെ വിസ്തരിച്ച് 123 രേഖകൾ സമർപ്പിച്ചു. എസ്‌സിപിഒമാരായ ആഷിക്ക് റഹ്മാൻ, ജയൻ, ശിവദാസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

English Summary:

A Palakkad court sentenced three men to 30 years of rigorous imprisonment and a ₹6 lakh fine each for smuggling 142 kg of cannabis. The accused were apprehended in July 2021 by the Alathur Police during a vehicle inspection. The court commended the police team for their swift action and thorough investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com