ധോണി മലകൾക്കു താഴെ പാലക്കാടിന്റെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21.35 ലക്ഷം രൂപയുടെ വരുമാനം
Mail This Article
പാലക്കാട് ∙ ധോണി മലകൾക്കു താഴെ പാലക്കാടിന്റെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല. ആദ്യഘട്ടം 2025 ഓഗസ്റ്റിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം. അകത്തേത്തറയിൽ ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി മൈതാനങ്ങൾ ഉൾപ്പെട്ട സൗകര്യങ്ങളോടെ സ്പോർട്സ് ഹബ് നിർമിക്കാൻ മലബാർ ദേവസ്വത്തിനു കീഴിലുള്ള അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റും കേരള ക്രിക്കറ്റ് അസോസിയേഷനും ധാരണാപത്രം ഒപ്പു വച്ചു. ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലം 33 വർഷത്തേക്കു പാട്ടത്തിനാണു നൽകുന്നത്. 30 കോടി രൂപയുടെ പദ്ധതിയാണ്. ഫ്ലഡ്‍ലിറ്റ് സംവിധാനത്തോടെ രണ്ടു ക്രിക്കറ്റ് മൈതാനങ്ങൾ, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ മൈതാനങ്ങൾ, കായിക പരിശീലനകേന്ദ്രം, ക്ലബ് ഹൗസ്, സ്കേറ്റിങ് ട്രാക്ക്, കൺവൻഷൻ സെന്റർ ഉൾപ്പെടെ സൗകര്യങ്ങളുണ്ടാകും. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21.35 ലക്ഷം രൂപയുടെ വരുമാനം ലഭിക്കും. 10 ലക്ഷം രൂപയുടെ സെക്യൂരിറ്റി തുകയും കെട്ടിവയ്ക്കും.
പ്രദേശവാസികൾക്കു ജോലിക്കു മുൻഗണനയും നൽകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം എ.സിയാവുദ്ദീൻ അറിയിച്ചു. എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫിസർ എം.മണികണ്ഠനും ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാറും ചേർന്നു ധാരണാപത്രം ഒപ്പിട്ടു. അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സി.രാധാകൃഷ്ണൻ, മലബാർ ദേവസ്വം ബോർഡ് അംഗം എ.രാമസ്വാമി, അസിസ്റ്റന്റ് കമ്മിഷണർ കെ.വേണുഗോപാൽ എന്നിവരും പങ്കെടുത്തു.