ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ കോഴിമാലിന്യം തള്ളിയതിന് ആരോഗ്യ വകുപ്പ് കേസെടുത്തു
Mail This Article
മുതലമട ∙ ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ കോഴി മാലിന്യം തള്ളിയതിനും പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ചതിനും പൊതുജനരോഗ്യ നിയമപ്രകാരം കേസ് എടുത്തു. തോട്ടം ഉടമ രംഗനായകി(പാപ്പാത്തി)ക്കെതിരെയാണു പൊതുജനരോഗ്യ സമിതിയുടെ നിർദേശത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിഅവശിഷ്ടങ്ങൾ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ കൊണ്ടിട്ടിരുന്നു. ഇതു നാട്ടുകാർ തടഞ്ഞു പൊലീസിനു കൈമാറി.
തുടർന്നു ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.കെ.ഗണേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.മുരുകൻ, വർഷാ പ്രദീപ്, എം.അമീഷ, ജെപിഎച്ച്എൻ എംപൗജാമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിയുടെ മാലിന്യം തള്ളിയതായി കണ്ടെത്തിയതു കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതായും കണ്ടു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി അധ്യക്ഷയായ മെഡിക്കൽ ഓഫിസർ കൂടി ഉൾപ്പെടുന്ന പൊതുജനാരോഗ്യ സമിതി സ്ഥലം ഉടമയ്ക്കെതിരെ കേസെടുത്തത്.