കുന്നങ്കാട്ടുപതി ജലശുദ്ധീകരണ ശാലയിൽ നിന്നു ശുദ്ധീകരിക്കാതെ ജലവിതരണം നടത്തുന്നതായി പരാതി
Mail This Article
ചിറ്റൂർ ∙ ദാഹജലം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നതായി പരാതി. കുന്നങ്കാട്ടുപതി ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നുവെന്നാണ് പരാതി. കഴിഞ്ഞ 15 ദിവസമായി പേരിനു ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നതെന്ന് അന്വേഷിച്ചതിൽ നിന്നു മനസ്സിലായതായി നാട്ടുകാർ പറഞ്ഞു. നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് ഈ ശുദ്ധീകരണ ശാലയിൽ നിന്നാണ്. ചിറ്റൂർ പുഴയിൽ നിന്നുള്ള വെള്ളമാണ് പമ്പ് ചെയ്തെടുക്കുന്നത്. വെള്ളം പുഴയിൽ നിന്ന് പമ്പ് ക്ലോറിനേഷൻ ചെയ്താണ് വിതരണം ചെയ്യേണ്ടത്. എന്നാൽ 15 ദിവസമായി ക്ലോറിൻ നൽകാതെ ബ്ലീച്ചിങ് പൗഡർ മാത്രമാണ് ഉപയോഗിച്ചുവരുന്നതത്രെ.
തമിഴ്നാട്ടിൽ മഴ പെയ്യുന്നത് കാരണം മലിനജലമാണ് പുഴയിലൂടെ ഒഴുകിയെത്തുന്നത്. ശരിയായ രീതിയിലുള്ള ശുദ്ധീകരണം നടക്കാതിരുന്നാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കു തന്നെ ഇതു കാരണമാകുമെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് ക്ലോറിൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. അന്നുതന്നെ ജീവനക്കാർ റിപ്പോർട്ട് ചെയ്തതാണ്. ക്ലോറിനേഷൻ നടത്താതെ 15 ദിവസത്തോളം ജലവിതരണം നടത്തിയെന്ന ആരോപണം ശരിയല്ല. മറ്റു പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ ബ്ലീച്ചിങ് പൗഡർ ഇട്ട് ജലവിതരണം നടത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.