പാലക്കാട് ജില്ലാ ആശുപത്രി: 360 ഡിഗ്രി മെറ്റബോളിക് സ്ക്രീനിങ് സെന്റർ ഉടൻ
Mail This Article
പാലക്കാട് ∙ പ്രമേഹം, രക്തസമ്മർദം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനുള്ള 360 ഡിഗ്രി മെറ്റബോളിക് സ്ക്രീനിങ്ങിന് സെന്റർ ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കും. ധനകാര്യ കമ്മിഷന്റെ ഫണ്ടിലുൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന ക്ലിനിക്കിന്റെ നിർമാണം തുടങ്ങി. എല്ലാ ജില്ലകളിലും ഇത്തരം സെന്ററുകൾ ആരംഭിക്കുമെന്നു മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു.
പ്രമേഹത്തിന്റെ വിവിധ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, വൃക്കയെ ബാധിക്കുന്ന ഡയബറ്റിക് നെഫ്രോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ ഫലപ്രദമാക്കുകയാണു ലക്ഷ്യം. ഇത്തരം പരിശോധനകളെല്ലാം ഒരു കുടക്കീഴിൽ ക്ലിനിക്ക് വഴി ലഭ്യമാക്കാനാകും. രോഗനിർണയത്തിലെ കാലതാമസമാണ് പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ സങ്കീർണമാക്കുന്നത്.
ജില്ലാ ആശുപത്രിയിൽ ഇത്തരം ചികിത്സകൾ ലഭ്യമാണെങ്കിലും ജനറൽ മെഡിസിനു കീഴിലാണ് പരിശോധനകളെല്ലാം. ഇതു പലപ്പോഴും രോഗ നിർണയത്തിന് എത്തുന്നവർക്കു കാലതാമസവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രോഗനിർണയത്തിനായി ആശുപത്രിയിൽ തന്നെ പ്രത്യേക സെന്റർ ആരംഭിക്കുന്നത്. എൻഎച്ച്എം വഴി ഡോക്ടറുടെ സേവനവും ഉണ്ട്. ലാബ് സൗകര്യവും ഇവിടെ ആരംഭിക്കും. ഒപ്പം ജില്ലാ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിലെ തിരക്കും കുറയ്ക്കാനാകും. ഇതര രോഗ ചികിത്സയ്ക്കെത്തുന്നവർക്കും ഇത് ആശ്വാസമാകും. 4 മാസത്തിനുള്ളിൽ പുതിയ സംവിധാനം പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്.