കാട്ടാനയെ തുരത്തുന്നതിനിടെ അപകടം; കയ്യിലിരുന്ന പടക്കംപൊട്ടി വനംവാച്ചർക്കു പരുക്ക്
Mail This Article
പാലക്കാട് ∙ ധോണി നീലിപ്പാറയിൽ തോട്ടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനംവകുപ്പ് വാച്ചർക്കു പരുക്കേറ്റു. കോങ്ങാട് സ്വദേശിയായ സൈനുൽ ആബിദിനാണ് (33) വലതു കയ്യിലെ 2 വിരലുകൾക്കു സാരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലിപ്പാറയിൽ ജനവാസമേഖലയോടു ചേർന്നുള്ള തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് ദ്രുതകർമ സേനയോടൊപ്പം പടക്കം പൊട്ടിച്ചു തുരത്തുന്നതിനിടെ വലതു കയ്യിലിരുന്ന പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടം. ഇന്നലെ പകൽ 11നായിരുന്നു സംഭവം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയ്ക്കിടെ വലതുകയ്യിലെ മോതിരം ഊരി മാറ്റാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബെന്നി. കെ.ആൻഡ്രൂസ്, ആർ.ചന്തുലാൽ, എ.ശിവൻ, എസ്.സുനിൽകുമാർ, കെ.സുനിൽകുമാർ, പി.ആർ.വികാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന മോതിരം മുറിച്ചെടുത്തു. ഇതേ വിരലിലായിരുന്നു പരുക്ക്. പരുക്കേറ്റ സൈനുൽ ആബിദ് സുഖം പ്രാപിച്ചു വരുന്നു. പിന്നീട് ദ്രുതകർമ സേനാംഗങ്ങൾ നീലിപ്പാറയിലെത്തി കാട്ടാനയെ ഉൾവനത്തിലേക്കു തുരത്തി.