ജലവിതരണം ശുദ്ധീകരിക്കാതെയെന്നു പരാതി; പ്രതിഷേധവുമായി ബിജെപി
Mail This Article
കൊഴിഞ്ഞാമ്പാറ ∙ ശുദ്ധീകരിക്കാതെ ജലം വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത്. കഴിഞ്ഞ 15 ദിവസത്തോളമായി കുന്നങ്കാട്ടുപതി ജലശുദ്ധീകരണ ശാലയിൽ നിന്നു വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമാണെന്നാരോപിച്ചാണ് ജല അതോറിറ്റി കൊഴിഞ്ഞാമ്പാറ സെക്‌ഷൻ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയത്. കുട്ടികളടക്കം ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വെള്ളം ശരിയായി ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ ആരോപിച്ചു.
കൊഴിഞ്ഞാമ്പാറ, നല്ലേപിള്ളി, വടകരപ്പതി, എരുത്തേമ്പതി, പട്ടഞ്ചേരി, പെരുമാട്ടി എന്നീ 5 പഞ്ചായത്തുകളിലേക്കാണ് കുന്നങ്കാട്ടുപതിയിൽ നിന്നു ജലവിതരണം നടത്തുന്നത്. ബ്ലീച്ചിങ് പൗഡർ കലർത്തിയാണ് ജലം ശുദ്ധീകരിക്കുന്നത്. ശരിയായ രീതിയിൽ ശുദ്ധീകരണം നടത്താതെ ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ശുദ്ധജലത്തിന്റെ കാര്യത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികൾക്ക് തയാറാവുമെന്ന് ഓമനക്കുട്ടൻ പറഞ്ഞു.
പ്രതിഷേധവുമായെത്തിയ പ്രവർത്തകരുമായി ഉദ്യോഗസ്ഥർ ഫോണിൽ ചർച്ച നടത്തി. ഉടൻതന്നെ ക്ലോറിനേഷൻ ചെയ്യാമെന്ന് ഉറപ്പു നൽകുകയും മൂങ്കിൽമട ശുദ്ധജല പദ്ധതിയിൽ നിന്നും മറ്റൊരു ക്ലോറിൻ ടാങ്ക് എത്തിച്ചു വൈകുന്നേരത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും ഉറപ്പു നൽകിയതിന് തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് കെ.ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എ.കെ.മോഹൻദാസ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ഷിനു, പി.വിചിത്രൻ, എ.മോഹനൻ, എസ്.സെൽവരാജ്, പി.പൊന്നുച്ചാമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയത്.