കിലോമീറ്റിന് 90 രൂപവരെ വരുമാനം; കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ ഹിറ്റ്: സുരക്ഷിത യാത്ര ഉറപ്പ്
Mail This Article
പാലക്കാട് ∙ ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കി കെഎസ്ആർടിസി. സർവീസ് സെന്ററുകളടക്കം സംസ്ഥാനത്തെ 93 യൂണിറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. പകുതിയിലേറെ യൂണിറ്റുകളിൽ ഇതിനകം ടൂറിസം യാത്ര വിജയകരമായ സാഹചര്യത്തിലാണു നടപടി. ഈ മാസം മുതൽ പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ എല്ലാ യൂണിറ്റുകളിൽ നിന്നും ടൂറിസം യാത്രയ്ക്ക് ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഇതുവരെ പ്രധാന യൂണിറ്റുകൾ കേന്ദ്രീകരിച്ചാണു പദ്ധതി നടപ്പാക്കിയിരുന്നത്. യാത്രാ ബസുകൾ സർവീസ് നടത്തുന്നതിനുള്ള പ്രവർത്തനച്ചെലവെങ്കിലും (ഓപ്പറേഷനൽ കോസ്റ്റ്) സ്വന്തം നിലയ്ക്കു കണ്ടെത്താൻ വരുമാനവർധന ലക്ഷ്യമിട്ടാണു ടൂറിസം യാത്രകൾ വർധിപ്പിക്കുന്നത്.
ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ശമ്പളം, ഡീസൽ ചെലവ്, ഇൻഷുറൻസ്, ടോൾ ഉൾപ്പെടെ ഒരു ബസിന് ഒരു കിലോമീറ്ററിനു ശരാശരി 45– 50 രൂപ പ്രവർത്തനച്ചെലവ് വരുന്നതായാണു കണക്ക്. ഇതര ജീവനക്കാരുടെ ശമ്പളം കൂടി കണക്കാക്കുമ്പോൾ ചെലവ് 65 മുതൽ 70 രൂപവരെയാണ്. ചെലവിന് ആനുപാതികമായി ബസ് സർവീസിൽ നിന്നു വരുമാനം ഇല്ലാത്തത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. അവധി ദിവസങ്ങളിലാണു പ്രധാനമായും ബജറ്റ് ടൂറിസം യാത്ര. അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പൊതുവേ വരുമാനം കുറവായിരിക്കും.
ഈ നഷ്ടം നികത്താനും ടൂറിസം യാത്ര സഹായിക്കുന്നു. വരുമാന വർധന ലക്ഷ്യമിട്ട് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൂടി നിർദേശാനുസരണമാണു നടപടികൾ. ടൂറിസം പദ്ധതി വഴി ഒരു കിലോമീറ്ററിനു ശരാശരി 80 മുതൽ 90 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. ജനങ്ങൾക്കു കുറഞ്ഞ ചെലവിൽ സുരക്ഷിത വിനോദയാത്ര ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു. അനുമതി ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളും ഇല്ല. ടൂറിസം മേഖലകളിലേക്കു പരമാവധി വിനോദസഞ്ചാരികളെ എത്തിക്കാനാകുന്നതിനാൽ അവിടെയും വരുമാന വർധനയുണ്ടാകും.