കാറിൽ തോക്ക് ഉൾപ്പെടെ ആയുധങ്ങൾ; 2 പേർ അറസ്റ്റിൽ
Mail This Article
ഒറ്റപ്പാലം ∙ അനുമതിയില്ലാതെ കൈവശം വച്ച തോക്കും തിരകളും ഉൾപ്പെടെ ആയുധങ്ങളുമായി 2 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നീലാഞ്ചേരി പൂക്കുഴി വീട്ടിൽ അബ്ദുൽ സലാം (40), വണ്ടൂർ കൂരാട് ആനക്കല്ലൻ വീട്ടിൽ ജമാൽ ഹുസൈൻ (25) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മായന്നൂർ, ചേലക്കര ഭാഗത്തെ വനമേഖലകളിൽ വന്യമൃഗ വേട്ടയ്ക്കു പോകുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ആയുധങ്ങളും ഇവർ സഞ്ചരിച്ചിരുന്ന പുതിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നു തോക്ക്, 8 തിരകൾ, 4 കത്തികൾ, തലയിൽ വയ്ക്കുന്ന ലൈറ്റ് എന്നിവ പിടികൂടി.
ഇന്നലെ പുലർച്ചെ ഒന്നോടെ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ മായന്നൂർ റോഡ് കവലയിൽ നിന്നാണ് ഇവർ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണു പിൻവശത്തെ സീറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്. പൊലീസ് ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐമാരായ എം.സുനിൽ, സി.പി.ക്ലീസൺ, പൊലീസുകാരായ സുജിത്ത്, സെയ്ത് മുഹമ്മദ്, ശിവശങ്കരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.